തദ്ദേശ തെരഞ്ഞെടുപ്പ്; 370 ഇടത്ത് കേവല ഭൂരിപക്ഷമില്ല
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 370 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം ഉറപ്പിക്കാൻ തിരക്കിട്ട നീക്കവുമായി മുന്നണികൾ. 310 ഗ്രാമപഞ്ചായത്തുകളിലും 24 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ല പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും മൂന്ന് കോർപറേഷനുകളിലും ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. മുന്നണികൾ ഒപ്പത്തിനൊപ്പം വന്നതുൾപ്പെടെയുള്ള കണക്കാണിത്. അതേസമയം, മുന്നണിയുടെ ഭാഗമായ സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും സഹായത്തോടെ പലയിടത്തും ഭരണം ഉറപ്പാക്കിയിട്ടുണ്ട്. മുന്നണികള്‍ തുല്യനിലയിലായ സ്ഥലങ്ങളിൽ ടോസ് നിർണായകമാകും.
തിരുവനന്തപുരം കോർപറേഷനിൽ എൻ.ഡി.എ 50 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് പിന്നിലാണ്. രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണ ഉറപ്പിച്ചാലേ മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം നേടാനാകൂ. സമാനമാണ് കൊല്ലം, കോഴിക്കോട് കോർപറേഷനിലും സ്ഥിതി. കൊല്ലത്ത് യു.ഡി.എഫും കോഴിക്കോട്ട് എൽ.ഡി.എഫുമാണ് വലിയ ഒറ്റക്കക്ഷി. ഇവിടെയും സ്വതന്ത്രർ നിർണായകമാകും. 941 ഗ്രാമപഞ്ചായത്തുകളിൽ 505 എണ്ണത്തിൽ യു.ഡി.എഫ് മുന്നിലെത്തിയെങ്കിലും ഭരണം ഉറപ്പിച്ചത് 382ലാണ്. 340ൽ എൽ.ഡി.എഫ് മുന്നിലാണെങ്കിലും 239ലാണ് ഭൂരിപക്ഷമുള്ളത്. 26 ഇടത്ത് എൻ.ഡി.എ ഒന്നാംസ്ഥാനത്താണെങ്കിലും ആറിടത്താണ് ഭരണമുറപ്പിച്ചത്.
64 പഞ്ചായത്തുകളിൽ മുന്നണികൾ ഒപ്പത്തിനൊപ്പമാണ്. കേവല ഭൂരിപക്ഷമില്ലാത്ത 310 ഗ്രാമപഞ്ചായത്തുകളിൽ 123 ഇടത്ത് യു.ഡി.എഫാണ് വലിയ ഒറ്റക്കക്ഷി. 101 ഇടത്ത് എൽ.ഡി.എഫും 20 ഇടത്ത് എൻ.ഡി.എയും. 87 മുനിസിപ്പാലിറ്റികളിൽ 56 ഇടത്ത് മാത്രമാണ് മുന്നണികൾക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത്. ഇതിൽ 40 ഇടത്ത് യു.ഡി.എഫും 16 ഇടത്ത് എൽ.ഡി.എഫും ഭരണം ഉറപ്പിച്ചു. 14 മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫും 12 ഇടത്ത് എൽ.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എയും വലിയ ഒറ്റക്കക്ഷിയായി.
14 ജില്ല പഞ്ചായത്തുകളിൽ ആറിടങ്ങളിൽ വീതം യു.ഡി.എഫും എൽ.ഡി.എഫും ഭരണമുറപ്പിച്ചു. കോഴിക്കോട്ട് 28ൽ 15 എന്ന കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ആർ.എം.പി പിന്തുണയോടെ യു.ഡി.എഫിന് ഭരണത്തിലേറാം. കാസർകോട് എൽ.ഡി.എഫ് (ഒമ്പത്) ആണ് വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ല. എട്ടിടത്ത് യു.ഡി.എഫും ഒരിടത്ത് എൻ.ഡി.എയുമാണ് വിജയിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാത്ത 24 ബ്ലോക്കുകളിൽ നാലിടത്ത് യു.ഡി.എഫും പത്തിടത്ത് എൽ.ഡി.എഫുമാണ് വലിയ ഒറ്റക്കക്ഷി. ഇവിടെയും മറ്റുള്ളവർ നിർണായകമാകും. 10 ഡിവിഷനുകളിൽ ഒപ്പത്തിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

