കേരള തീരത്ത് മത്തിയുടെ ലഭ്യത കുറവുണ്ട്- കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: കേരള തീരത്ത് മത്തിയുടെ ലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ് ലോക്സഭയിൽ പറഞ്ഞു. മഴയും അത് സൃഷ്ടിക്കുന്ന പോഷകസമ്പുഷ്ടമായ ഉയർച്ചയും മത്തിയുടെ വർധനവിനെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നാണ് ശാസ്ത്രീയ വിലയിരുത്തലെന്നും, ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി വിശദീകരിച്ചു.
സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നിരവധി മാർഗങ്ങൾക്ക് മുൻകൈയെടുക്കുന്നുണ്ട്. തീരദേശ സ്ഥാപനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അവയുടെ മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ടുകൾ പ്രകാരം ഗിയർ, മെഷ് സൈസ് നിയന്ത്രണങ്ങൾ എന്നിവ കർശനമായി നടപ്പാക്കുന്നതിനും മത്സ്യസമ്പത്തിന്റെ പുനരുജ്ജീവനത്തിനായി ഇന്ത്യയിലെ എക്സ്ക്ലൂസിവ് സാമ്പത്തിക മേഖലയിൽ 61 ദിവസത്തേക്ക് സംരക്ഷണ, മാനേജ്മെന്റ് നടപടികൾ നടപ്പാക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നുണ്ട്.
കടലിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കുന്നതിനായി പി.എം.എം.എസ്.വൈ പ്രകാരം ഫിഷറീസ് വകുപ്പ് വെസൽ കമ്യൂണിക്കേഷൻ ആൻഡ് സപ്പോർട്ട് സിസ്റ്റം നടപ്പാക്കുന്നു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മത്സ്യബന്ധന മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും ഫിഷറീസ് വകുപ്പ് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

