കേരളത്തിലെ ബി.ജെ.പി നേതാക്കൾ കൊള്ളില്ലെന്ന്; ശുദ്ധികലശത്തിനൊരുങ്ങി കേന്ദ്രനേതൃത്വം
text_fieldsകേരളത്തിലെ ബി.ജെ.പി നേതാക്കൾ കൊള്ളില്ലെന്ന വിലയിരുത്തലുമായി കേന്ദ്ര നേതാക്കൾ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അഴിച്ചുപണിക്കൊരുങ്ങുകയാണ് നേതൃത്വം. ബൂത്ത്മുതൽ സംസ്ഥാനതലംവരെയുള്ള ഘടകങ്ങളിൽ ശുദ്ധികലശം നടക്കും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ നിലനിർത്തി കൊണ്ടുള്ള നടപടിയാണ് സ്വീകരിക്കുക. കേന്ദ്രമന്ത്രിമാരും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരവധി നേതാക്കൾക്ക് സ്ഥാനം നഷ്ടമാകും.
നേതൃപാടവം തൊട്ടുനീണ്ടാത്ത നേതാക്കളാണ് ഭൂരിപക്ഷവുമെന്നാണ് കേരളത്തിലെ പ്രവർത്തനത്തെ കുറിച്ചുള്ള പഠനറിപ്പോർട്ടിലുള്ളതെന്നറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.ടി.രമേശ് ഒഴികെയുള്ള മുഴുവൻ ജനറൽ സെക്രട്ടറിമാരെയും പുറത്താകും. പകരം സംഘപരിവാർ നേതാക്കളെത്താനാണ് സാധ്യത. ഇതോടെ, ബി.ജെ.പിയിൽ ആർ.എസ്.എസ് നിയന്ത്രണം വർധിപ്പിക്കാമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. ജില്ലാ പ്രസിഡന്റുമാരായി തുടരുന്നവരെ മാറ്റും. മിക്ക ജില്ലകളിലെയും ഭൂരിഭാഗം ഭാരവാഹികളും പ്രവർത്തനശേഷിയില്ലാത്തവരാണ്. ഇക്കൂട്ടർക്ക് സ്വഭാവികമായും ഉണ്ടാകാനിടയുള്ള അമർഷം നിയന്ത്രിക്കാൻ മറ്റ് സ്ഥാനങ്ങൾ നൽകി തൃപ്തിപ്പെടുത്തും.
നിയമസഭാമണ്ഡലങ്ങൾ വിഭജിച്ച് പുതിയ ഭാരവാഹികളെ കൊണ്ടുവന്നിരുന്നു. ഇതിൽ പലരും രാജിവെച്ചു. ഭൂരിഭാഗം പേരും സജീവമല്ല. ഇതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സുരേന്ദ്രനെ മാറ്റുമെന്നാണ് സുരേന്ദ്രൻവിരുദ്ധ വിഭാഗത്തിന്റെ അഭിപ്രായം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 10 മണ്ഡലങ്ങളിൽ ജനപ്രിയരെ കണ്ടെത്തി മത്സരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ ബി.ജെ.പി മുഖമില്ലാത്തവരെയാണിതിനു തേടുന്നത്. ഇത്തരം നീക്കത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ ഭൂരിഭാഗവും അമർഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

