പ്രതിസന്ധിയുണ്ട്; ഒന്നും മുടങ്ങിയിട്ടില്ലെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടെന്ന് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഞെരുക്കത്തിനിടയിലും സംസ്ഥാനത്തിന്റെ വകസനകാര്യങ്ങളടക്കം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ മാത്യു കുഴൽനാടൻ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധന മാനേജുമെന്റിൽ പരാജയപ്പെട്ട സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പ്രമേയാവതരണത്തിൽ മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. സർക്കാറിന്റെ ധൂർത്ത് കാരണം ക്ഷേമപെൻഷനടക്കം കുടിശ്ശികയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ തറവാട്ട് കാര്യമായിട്ടല്ല ധനകാര്യത്തെ കാണുന്നതെന്ന മുഖവുരയോടെയാണ് മന്ത്രി ബാലഗോപാൽ മറുപടി തുടങ്ങിയത്. കേന്ദ്രം വല്ലാതെ ഞെരുക്കുന്നു. നികുതിയേതര വരുമാനങ്ങള്‍ കൂടിയതുകൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധനവിനിയോഗ മാനേജുമെന്റ് തങ്ങൾ നടത്തുന്നുണ്ട്. ഇത്തവണ ഓണം സുഭിക്ഷമായി ആഘോഷിച്ചു. ധനപ്രതിസന്ധിയിലായിരുന്നെങ്കില് സര്‍ക്കാറിന് അത്തരത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ചെക്ക് പോലും മാറാൻ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. അനാവശ്യ ചെലവും ധൂർത്തും വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയപൂർവം ആളുകളെ ചേർത്തുനിർത്തുന്നതാണ് സർക്കാർ സമീപനമെന്ന് ധനമന്ത്രി തിരിച്ചടിച്ചു. ഈ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നില്ല. തങ്ങൾ വാചകമടിച്ച് പോവുകയല്ല. ഒരു പൈസയും സർക്കാർ വകമാറ്റിയിട്ടില്ല. നികുതി പിരിവിൽ ഒത്തുതീർപ്പില്ല. നികുതി വെട്ടിക്കാൻ ശ്രമിക്കുന്നവർക്ക് കീഴ്പ്പെടില്ല. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന വര്‍ഷത്തെ ആകെ ചെലവ് 1.30 ലക്ഷം കോടി രൂപയായിരുന്നു. രണ്ടാം സർക്കാറിന്റെ കഴിഞ്ഞവര്‍ഷം അത് 1.75 ലക്ഷം കോടിയിലെത്തി. ഈ സാമ്പത്തികവര്‍ഷം രണ്ട് ലക്ഷം കോടിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ സര്‍ക്കാറിന്റെ ആദ്യ വര്‍ഷം കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഗ്രാന്റിനത്തില്‍ കിട്ടിയത് 33,000 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം അത് 6000 കോടിയിലേക്ക് ചുരുങ്ങി, 27,000 കോടിയുടെ വരുമാനനഷ്ടം. കിഫ്ബി, പെന്ഷന് കമ്പനി എന്നിവയുടെ മുന്‍കാല കടത്തിന്റെ പേരില്‍ ഈ വര്‍ഷം വായ്പ അനുമതിയില്‍ 4700 കോടി കുറച്ചു. ഗ്യാരന്റി റിഡംപ്ഷന് ഫണ്ടിന്റെ പേരില്‍ 3330 കോടി രൂപയും കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുക്കുന്ന സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പിയുമായി ബന്ധപ്പെട്ട പ്രശ്നം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടുകവഴി കേരളത്തിന് 1522 കോടിയുടെ വായ്പാനുമതികൂടി ലഭിച്ചിരുന്നു. അതും ഈ വര്‍ഷം അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തികനില ഭദ്രമെന്നത് വീമ്പുപറച്ചിലാണെന്നും സർക്കാറിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
തിങ്കളാഴ്ചത്തേതുൾപ്പെടെ നടപ്പു സഭാസമ്മേളനത്തിൽ നാലാമത്തെ അടിയന്തിര പ്രമേയ നോട്ടീസിലാണ് സർക്കാർ ചർച്ചക്ക് തയാറായത്. ഇത് സഭാചരിത്രത്തിൽ റെക്കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

