
ആലപ്പുഴയിൽ സി.പി.എമ്മിനകത്ത് ഗുരുതര പ്രശ്നങ്ങളില്ല -വിജയരാഘവൻ
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ സി.പി.എമ്മിനകത്ത് ഗുരുതര സംഘടന പ്രശ്നങ്ങളൊന്നും നിലവിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. മികച്ച രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് ആലപ്പുഴ ജില്ലയിൽ നടന്നത്.
ചില പത്രവാർത്തകളാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത്. പത്രങ്ങളിൽ വന്ന വാർത്തകൾക്കപ്പുറത്തേക്ക് രൂക്ഷമായ എന്തെങ്കിലും പ്രശ്നങ്ങൾ അവിടെയുണ്ടെന്ന് കരുതാനാവില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്നാണ് വിവിധ ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് പാർട്ടി എത്തിച്ചേർന്നിരിക്കുന്ന നിഗമനം. കെ.ടി. ജലീൽ രാജിെവച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഇനി അതുസംബന്ധിച്ച ചർച്ചക്ക് പ്രസക്തിയില്ല. വെറുതെ വാർത്തയുണ്ടാക്കാമെന്നല്ലാതെ എല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
