പണിയെടുക്കാൻ ജീവനക്കാരില്ല; മൂന്ന് ജില്ലകളിൽ പരിഹാര നടപടിയുമായി സർക്കാർ
text_fieldsകൽപറ്റ: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ആവശ്യത്തിന് സർക്കാർ ജീവനക്കാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന വ്യാപക പരാതിയിൽ കർശന നടപടികളുമായി സർക്കാർ. വയനാട്, കാസർകോട്, ഇടുക്കി പാക്കേജുകൾ നടപ്പാക്കുന്നതിനാവശ്യമായ ജീവനക്കാരുടെ കുറവും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായും കണ്ടതോടെയാണ് സർക്കാർ തീരുമാനം.
ഈ ജില്ലകളിൽ സർക്കാർ ജീവനക്കാരുടെ സേവനം കാര്യക്ഷമമായി ലഭിക്കുന്നതിന് നിയമനത്തിലും സ്ഥലംമാറ്റത്തിനും പുതിയ വ്യവസ്ഥകൾ ഉൾപെടുത്തി ഉത്തരവിറക്കി. ഈ വ്യവസ്ഥകളെല്ലാം പി.എസ്.സി വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുകയും നിയമനസമയത്ത് സമ്മതപത്രം എഴുതിവാങ്ങിക്കുകയും ചെയ്യും.
മൂന്ന് ജില്ലകളിലെ തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് കൂടുതൽ ജോലിസാധ്യത ലഭിക്കാനും മറ്റു ജില്ലകളിൽനിന്നുള്ളവർ ഈ ജില്ലകളിൽ പരീക്ഷയെഴുതി നിയമനം നേടിയശേഷം സ്ഥലംമാറ്റം വാങ്ങിപ്പോവുന്നത് ഒഴിവാക്കാനും പുതിയ ഉത്തരവിലൂടെ സാധിക്കും. ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നേരത്തേ ചർച്ച നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മന്ത്രിസഭ അനുമതിയോടെ പുതിയ വ്യവസ്ഥകൾ ഉൾപെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഈ മൂന്ന് ജില്ലകളിലും ജോലിയെടുക്കുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിഗണന നൽകാനും നിർദേശിച്ചിട്ടു
ഉത്തരവിലെ നിർദേശങ്ങൾ
ഈ മൂന്നു ജില്ലകളിലും പി.എസ്.സി വഴിയുള്ള ജില്ലതല നിയമനങ്ങൾക്ക് 10 വർഷത്തേക്ക് സ്ഥലംമാറ്റം ലഭിക്കില്ല
പ്രമോഷനായോ സ്ഥലംമാറിയോ ഈ ജില്ലകളിലെത്തുന്നവർക്ക് മെഡിക്കൽ ആവശ്യത്തിനല്ലാതെ ദീർഘാവധി എടുക്കാൻ സാധിക്കില്ല
30 ദിവസത്തിലധികം അവധി എടുക്കുന്നവർ നിശ്ചിത കാലാവധിക്ക് ശേഷം അവധി കാലയളവ് അധികമായി പ്രസ്തുത ജില്ലയിൽ ജോലി ചെയ്യണം
ഈ ജില്ലകളിൽ പ്രവേശനം നേടുന്നവർക്ക് 10 വർഷത്തേക്ക് വർക്കിങ് അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷൻ, മ്യൂച്വൽ ട്രാൻസ്ഫർ എന്നിവ മറ്റ് ജില്ലകളിലേക്ക് അനുവദിക്കില്ല
സ്ഥാനക്കയറ്റവും ഈ ജില്ലകളിൽതന്നെ പരിമിതപ്പെടുത്തും
ഈ ജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെടുന്ന ജീവനക്കാരുടെ ഒരു വർഷത്തെ സേവനം മറ്റു ജില്ലകളിലെ രണ്ടുവർഷത്തെ സേവനത്തിനു തുല്യമായി പരിഗണിക്കും
കാലാവധി കഴിഞ്ഞാൽ പൊതുസ്ഥലംമാറ്റത്തിന്റെ കൂട്ടത്തിലല്ലാതെ തന്നെ ഇവർക്ക് സ്ഥലംമാറ്റം അനുവദിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

