'ഉന്നയിക്കലുമായി കുറേ വാനരന്മാർ വന്നിട്ടുണ്ടല്ലോ, അവർക്ക് കോടതി ഉത്തരം നൽകും' വോട്ട് ക്രമക്കേടിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
text_fieldsതൃശൂർ: ഏറെ നാളുകൾക്ക് ശേഷം മൗനം വെടിഞ്ഞ് സുരേഷ് ഗോപി. വോട്ടർ പട്ടിക ക്രമക്കേടിൽ ഉത്തരം പറയേണ്ടത് താനല്ല, തെരഞ്ഞെടുപ്പ് കമീഷനാണെന്ന് സുരേഷ്ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ മന്ത്രിയാണ് ആ ഉത്തരവാദിത്തം നിർവഹിച്ചു. കേന്ദ്ര മന്ത്രിയായതിനാലാണ് പ്രതികരിക്കാത്തത്. കുറേ ആരോപണങ്ങളുമായി കുറച്ച് വാനരൻമാർ ഇറങ്ങിയിട്ടുണ്ടല്ലോ? അവരോട് അങ്ങോട്ട് പോകാൻ പറയൂ. അവിടെ പോയി ചോദിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവര്‍ കോടതിയിൽ പോകട്ടെ. കോടതിയും അവര്‍ക്ക് മറുപടി നൽകും. തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞില്ലെങ്കിൽ വിഷയം സുപ്രീംകോടതിയിൽ എത്തുമ്പോൾ അവിടെ പോയി ചോദിച്ചോളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തന്റെയടുത്ത് നിന്നുമാണ് ഈ വർഷത്തെ ഓണം തുടങ്ങുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ശക്തൻ പ്രതിമയിൽ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി ശക്തന്‍റെ പ്രതിമയിൽ മാല ചാർത്തിയത്. ചിങ്ങം ഒന്നിന് രാവിലെ അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ മന്ത്രി ദർശനവും നടത്തി. ആദ്യമായാണ് വോട്ടര്‍ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത്.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ പരാതി നൽകിയിരുന്നു.
സുരേഷ് ഗോപി എം.പിയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹനോൻ മാർ മിലിത്തിയോസും രംഗത്തെത്തിയിരുന്നു. ഞങ്ങൾ തൃശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിക്ക് അയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക എന്നാണ് പരിഹാസ രൂപേണ യൂഹനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

