തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
text_fieldsകൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ജി. ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1981-1992 കെ.പി.സി.സി ജനറൽ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവിൽ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവിൽ കെ.പി.സി.സി പ്രസിഡന്‍റായും പ്രവർത്തിച്ചു.
കൊല്ലത്തെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി ബിരുദം നേടി പഠനം പൂർത്തിയാക്കി. കോൺഗ്രസിന്‍റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്‍റായി രാഷ്ട്രീയ ജീവിതം തുടങ്ങി. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്‍റായി പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്‍റായി. 1967, 1980, 1987 വർഷങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്ന തെന്നല, കൊല്ലം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റായും സംസ്ഥാന സഹകരണ ബാങ്കിന്‍റെ പ്രസിഡൻറായും പ്രവർത്തിച്ചു.
സതിദേവിയാണ് ഭാര്യ. നീത ഏക മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

