വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ
text_fieldsതിരുവനന്തപുരം: കടുത്ത മത്സരം നടന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 5001 രൂപ സമ്മാനം പ്രഖ്യാപിച്ച് തെന്നല ബാലകൃഷ്ണപിള്ള ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ ചെയർമാൻ കാച്ചാണി സനിലാണ് ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കെ. മുരളീധരനും എൽ.ഡി.എഫ് സ്ഥാനാർഥിയായ വി.കെ. പ്രശാന്തും എൻ.ഡി.എ സ്ഥാനാർഥിയായി ആർ. ശ്രീലേഖയുമാണ് മത്സരംഗത്തുണ്ടായിരുന്നത്.
വട്ടിയൂർക്കാവ് ഇടതിനൊപ്പം നിൽക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷമുള്ള എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ. പ്രശാന്തിന്റെ പ്രതികരണം. വട്ടിയൂർക്കാവില്‍ പൊളിറ്റിക്കൽ ബലാബലം മാത്രമല്ല ഫലം നിർണയിക്കുക. വ്യക്തിപരമായ വോട്ടുകൾ കൂടി പ്രധാനമാണ്. എൽ.ഡി.എഫിന് ഇവിടെ വോട്ടുണ്ട്. ഒപ്പം സിറ്റിങ് എം.എൽ.എ എന്ന തരത്തിൽ വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകൾ കൂടിയുണ്ട്. ബി.ജെ.പി ഇവിടെ നിശബ്ദമായിരുന്നുവെന്നും വി.കെ. പ്രശാന്ത് പ്രതികരിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിയാവുമെന്ന നിലയിലായിരുന്നു കെ. മുരളീധരനായുള്ള പ്രചാരണം. അതിൽ പ്രസക്തിയില്ലെന്ന് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയായിരുന്നിട്ട് മത്സരിച്ച് തോറ്റയാളാണ് അദ്ദേഹം. ബി.ജെ.പിക്ക് പോയിരുന്ന വോട്ടുകൾ മണ്ഡലത്തിലെ വികസനങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ തനിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. എന്നാൽ വട്ടിയൂർക്കാവിൽ ഇരുമുന്നണികളും ഒരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്ന് ആർ. ശ്രീലേഖ പറഞ്ഞു.
കേരളത്തിൽ 10 വർഷമായി വികസനം നടന്നിട്ടില്ല. വികസന മുരടിപ്പാണ് ഇവിടെയുണ്ടായിട്ടുള്ളത്. അഴിമതിയും സർക്കാർ കേന്ദ്രങ്ങളിൽ സി.പി.എം പ്രവർത്തകരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇഷ്ടക്കാരെ നിയമിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. വർഗിയ പറഞ്ഞാണ് സി.പി.എം ഇപ്പോൾ വോട്ട് പിടിക്കുന്നത്. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാവും വൻ വിജയമായിരിക്കും യു.ഡി.എഫിന് ഉണ്ടാവുക. കേരളം കാത്തിരിക്കുന്നത് യു.ഡി.എഫ് നേതൃത്വം നൽകുന്ന മന്ത്രി സഭയെയാണെന്നും നൂറ് സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കുമെന്നും യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞു.
വികസനം വരണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണമെന്നും വോട്ടിന് പണവും മദ്യവും നൽകിയെന്ന പ്രചാരണം തെറ്റാണെന്ന് ശ്രീലേഖ പറഞ്ഞു. പരാജയഭീതി മൂലമാണ് ഇരുമുന്നണികളും ഇത്തരം അവകാശവാദങ്ങളും നടത്തുന്നത്. വികസനം എങ്ങനെ നടത്തണമെന്ന് ബി.ജെ.പിക്ക് അറിയാം. കേരളത്തിൽ വ്യവസായിക മുരടിപ്പുണ്ടെന്നും അത് മറ്റിയെടുക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

