അന്നും ജോസഫ്; പിതാവിെൻറ പാതയിൽ ജോസ് കെ. മാണി
text_fieldsപി.ജെ. ജോസഫും ജോസ് കെ. മാണിയും
കോട്ടയം: ജോസ് കെ. മാണി ചെങ്കൊടി പാളയത്തിേലക്ക് എത്തുേമ്പാൾ ആവർത്തിക്കുന്നത് ചരിത്രം. 1979ല് പി.ജെ. ജോസഫുമായി പിരിഞ്ഞ് ഇടതുമുന്നണിയിലെത്തിയ പിതാവ് കെ.എം. മാണിയുടെ പാത പിന്തുടര്ന്നാണ് നാല് പതിറ്റാണ്ടിനിപ്പുറം ജോസ് കെ. മാണിയും ഇടതുചേരിയിലേക്ക് എത്തുന്നത്.
രണ്ടു സമയത്തും 'വില്ലൻ' ജോസഫ്. ജോസഫ് ഗ്രൂപ് പ്രതിനിധി ടി.എസ്. ജോണിനെ പി.കെ.വി മന്ത്രിസഭയിൽനിന്ന് പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ് 1979 നവംബർ 14ന് കെ.എം. മാണി സി.പി.എമ്മിനൊപ്പം ചേർന്നത്.
ബാർ കോഴക്കേസ് വഷളാക്കിയത് കോൺഗ്രസിലെയൊരു വിഭാഗമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും മാണിവിഭാഗം പലതവണ ആരോപിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അമിത താൽപര്യം കാട്ടിയെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതിെൻറ തുടർച്ചയായാണ് 2016 ആഗസ്റ്റ് ഏഴിന് യു.ഡി.എഫ് ബന്ധം വിച്ഛേദിച്ചത്.
'സ്വതന്ത്രകാലത്ത്' കോട്ടയം ജില്ല പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിന്തുണയോടെ മാണിവിഭാഗം പിടിച്ചത് ഇരുപക്ഷത്തെയും കൂടുതൽ അകറ്റി. രണ്ടുവർഷത്തിനുശേഷം ജോസിന് രാജ്യസഭാ സീറ്റ് നൽകി ഉമ്മന് ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയെ യു.ഡി.എഫിൽ എത്തിച്ചെങ്കിലും മുറിപ്പാടുകൾ അവശേഷിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നപ്രശ്നത്തിലടക്കം കോൺഗ്രസ് ജോസഫിനൊപ്പമാണെന്ന വികാരം പാർട്ടിയിൽ ശക്തമായി. പാലാ തോൽവി അന്വേഷിക്കണമെന്ന ആവശ്യം യു.ഡി.എഫ് പരിഗണിക്കാതിരുന്നതും പ്രകോപിപ്പിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന കോൺഗ്രസ്, യു.ഡി.എഫ് ആവശ്യം തള്ളിയായിരുന്നു ജോസ് വിഭാഗത്തിെൻറ മറുപടി.
വിട്ടുവീഴ്ച സീറ്റ് വിഭജനത്തിലടക്കം പിന്തള്ളപ്പെടാൻ ഇടയാക്കുമെന്ന ചിന്തയായിരുന്നു കാരണം. നിയമസഭയിൽ ജോസിനൊപ്പം നിന്ന എം.എൽ.എമാർക്ക് സംസാരിക്കാൻ ജോസഫ് അവസരം നിഷേധിക്കുന്നുവെന്ന് കാട്ടി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടും മൗനമായിരുന്നു മറുപടി. ഇതോടെ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ് ചർച്ചകളിലും കോൺഗ്രസ് സമീപനം ഇതാകുമെന്ന് ഉറപ്പിച്ച ജോസ് കെ. മാണി ഇടതെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.