തേക്കടി ദുരന്തം: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും -സ്പെഷൽ പ്രോസിക്യൂട്ടർ
text_fieldsതൊടുപുഴ: തേക്കടി ബോട്ടപകടത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹീം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാത്തവിധത്തിലുള്ള നടപടികൾക്കായി ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൊടുപുഴ നാലാം അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസ്. ആദ്യം നിയമിക്കപ്പെട്ട രണ്ട് സ്പെഷൽ പ്രോസികൂട്ടർമാർ സ്ഥാനമൊഴിഞ്ഞു. തുടർന്നാണ് അഡ്വ. ഇ.എ. റഹീമിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഒമ്പത് വാല്യങ്ങളിലായി 4722 പേജുള്ള എ ചാർജ് കുറ്റപത്രം വിശദമായി പഠിച്ചുവരുകയാണെന്നും വൈകാതെ സംഭവസ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി വത്സൻ സമർപ്പിച്ച ആദ്യകുറ്റപത്രം കോടതി തള്ളുകയും കെ.ടി.ഡി.സിയുടെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതിൽ സംശയം പ്രകടിപ്പിച്ച് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന്, അഞ്ചു വർഷത്തോളം അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായി. കോട്ടയം ജില്ല ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവാണ് പിന്നീട് അന്വേഷണം ഏറ്റെടുത്തത്.
കോടതി ഉത്തരവ് പ്രകാരം എ ചാർജ്, ബി ചാർജ് എന്നിങ്ങനെ രണ്ട് കുറ്റപത്രമാണ് സമർപ്പിച്ചത്. ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവരടക്കം ദുരന്തത്തിൽ നേരിട്ട് ബന്ധമുള്ളവർക്ക് എതിരെയുള്ളതായിരുന്നു ആദ്യ കുറ്റപത്രം. ബോട്ട് നിർമിച്ച കെ.ടി.ഡി.സി ഉൾപ്പെടെയുള്ളവക്ക് സംഭവിച്ച വീഴ്ചകളാണ് രണ്ടാമത്തേതിൽ. ജഡ്ജി സ്ഥലം മാറിപ്പോയതോടെ പകരം ആളെത്താത്തതിനാൽ കേസിന്റെ വിചാരണ ഇനിയും തുടങ്ങാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

