അന്തർജില്ല ബൈക്ക്, ബാറ്ററി കവർച്ച സംഘം പിടിയിൽ
text_fieldsതിരൂർ: വാഹനങ്ങളിലെയും മൊബൈൽ ടവറുകളിലെയും ബാറ്ററികളും ബൈക്കുകളും കവരുന്ന അന്തർജില്ല ബന്ധമുള്ള സംഘം അറസ്റ്റിൽ. കൂട്ടായി മാസ്റ്റർപടി കക്കോച്ചിെൻറപുരക്കൽ സഫ്വാൻ (28), കോതമംഗലത്ത് താമസിക്കുന്ന ലാൽഗുഡി അണ്ണനഗർ കോളനിയിലെ അരുൺകുമാർ എന്ന നാഗരാജൻ (28) എന്നിവരെയാണ് തിരൂർ എസ്.ഐ സുമേഷ് സുധാകറും സംഘവും പിടികൂടിയത്. സംഘം തിരൂർ പൊലീസ് ലൈനിലെ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലും കവർച്ച നടത്തിയിട്ടുണ്ട്. ഇവരിൽനിന്ന് രണ്ട് ബൈക്കുകളും 72 ബാറ്ററികളും കണ്ടെടുത്തു.
മൊബൈൽ ടവറുകളിലെ കൂറ്റൻ ബാറ്ററികളാണ് പ്രധാനമായി സംഘം കവർന്നിരുന്നത്. പിടിച്ചെടുത്തവയിൽ ഇതുമാത്രം മുപ്പതിലേറെയുണ്ട്. നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചിരുന്നു. ഒരു ബൈക്കും ബുള്ളറ്റുമാണ് ഇപ്പോൾ ലഭിച്ചത്. തിരൂർ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽനിന്ന് കവർന്ന ബൈക്ക് കോതമംഗലത്ത് വിറ്റതായി അറിയിച്ചു. പ്രതികൾ നൽകിയ വിവരമനുസരിച്ച് തലക്കടത്തൂർ, വേങ്ങര, പെരിന്തൽമണ്ണ, കോതമംഗലം എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ നിന്നാണ് ബാറ്ററികൾ കണ്ടെടുത്തത്.
മോഷ്ടിക്കുന്ന ബൈക്കുകളിൽ കറങ്ങിയായിരുന്നു മറ്റ് കവർച്ച. ഇരുവരും മുമ്പും മോഷണ കേസുകളിൽ പിടിയിലാകുകയും തടവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നാഗരാജൻ ആറ് മാസം മുമ്പും സഫ്വാൻ 10 മാസം മുമ്പുമാണ് ജയിലിൽനിന്ന് ഇറങ്ങിയത്. ജയിലിലെ പരിചയത്തിൽ നിന്നാണ് കവർച്ചക്ക് തുടക്കമിട്ടത്. എ.എസ്.ഐ നാസർ, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, ലൂഷ്യസ്, സാബു, സജി എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
