കരിവെള്ളൂരിൽ പെട്രോൾ പമ്പിൽ വൻ കവർച്ച
text_fieldsപയ്യന്നൂർ: കരിവെള്ളൂർ പാലക്കുന്ന് ദേശീയപാതയോരത്തെ പെട്രോൾ പമ്പിൽ വൻ കവർച്ച. മൂന്നര ലക്ഷം രൂപയും ചെക്കും രേഖകളുമടങ്ങുന്ന ലോക്കർ കവർച്ചക്കാർ കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പണവും രേഖകളുമടങ്ങിയ ലോക്കർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ലോക്കറിൽ 3,44,720 രൂപയും സുപ്രധാന രേഖകളും ചെക്ക് ലീഫുകളും ഉണ്ടായിരുന്നതായി മാനേജർ പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
രാവിലെ 6.30ഓടെ പമ്പ് തുറക്കാനെത്തിയ ജീവനക്കാരൻ വി.വി. രാജീവനാണ് ഓഫിസ് തുറന്ന നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷട്ടറിെൻറ പൂട്ട് കമ്പിപ്പാരയും മഴുവും ഉപയോഗിച്ച് തകർത്ത ശേഷം ഗ്ലാസ് കാബിൻ കൂടി തകർത്താണ് അകത്തുകയറിയത്. പിറകിലെ ഓയിൽ മുറിയുടെ വാതിലും തകർത്ത നിലയിലാണ്.
ഷട്ടർ തകർക്കാനുപയോഗിച്ച കമ്പിപ്പാരയും മഴുവും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ടോത്ത് സ്വേദശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് പമ്പ്. ഇവരും ഭർത്താവും വിദേശത്താണത്രെ. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.