ഹരിപ്പാട് (ആലപ്പുഴ): കരുവാറ്റ സർവിസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച നാലര കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു. ബാങ്ക് സെക്രട്ടറി ദീപ വ്യാഴാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ആലപ്പുഴയിൽനിന്ന് എസ്.പി സാബുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 25ന് അവധിയെ തുടർന്ന് അടച്ച 2145ാം നമ്പർ സഹകരണ ബാങ്ക് വ്യാഴാഴ്ചയാണ് തുറന്നത്.
മുൻവശത്തെ വാതിലിന് സമീപം ഇടത് ഭാഗത്തുള്ള ജനൽകമ്പികൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഇതിലൂെടയാണ് കവർച്ചക്കാർ പ്രവേശിച്ചത്. സ്ട്രോങ് റൂമിെൻറ വാതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സ്വർണവും പണവും മോഷ്ടിച്ചത്. ബാങ്കിലെ മുറിയുടെ ഒരു ഭാഗത്തുനിന്ന് നീളമുള്ള രണ്ട് ഗ്യാസ് സിലിണ്ടറും മൂന്ന് ചെറിയ പാചക സിലിണ്ടറും കണ്ടെടുത്തു. ആലപ്പുഴയിൽനിന്ന് ഫോറൻസിക് വിദഗ്ധർ എത്തി വിശദപരിശോധന നടത്തി. വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡോഗ് സ്കോഡും എത്തിയിരുന്നു. പൊലീസ് നായ് ബാങ്ക് പരിസരത്തും മുൻവശത്തുള്ള അടച്ചിട്ട പെട്ടിക്കടയുടെ സമീപത്തുമെത്തി തിരിച്ചുപോയി.
മുൻഭാഗം കോൺക്രീറ്റും പിന്നിലേക്ക് ഓട് പാകിയതുമാണ് ബാങ്ക് കെട്ടിടം. ഹരിപ്പാട് സി.ഐ ആർ. ഫയാസിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.