സ്കൂൾ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത് കഴിച്ച് മോഷ്ടാക്കൾ; ലാപ്ടോപ് കവർന്നു
text_fieldsഅടൂർ: നഗരമധ്യത്തിലുള്ള അടൂർ ഗവ. എൽ.പി സ്കൂളിൽ മോഷണം. സ്കൂൾ ഓഫിസിൽ സൂക്ഷിച്ച ലാപ്ടോപ് മോഷണം പോയതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂൾ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത് കഴിച്ചാണ് മോഷ്ടാക്കൾ പോയത്.വ്യാഴാഴ്ച രാവിലെയാണ് ജീവനക്കാർ മോഷണം നടന്നതായി മനസ്സിലാക്കിയത്.
ഭക്ഷണം പാചകം ചെയ്ത പാത്രങ്ങൾ കണ്ടതോടെയാണ് മോഷണം നടന്നതായി ജീവനക്കാർക്ക് സംശയമുണ്ടായത്. തുടർന്നുള്ള പരിശോധനയിലാണ് ലാപ്ടോപ് മോഷണം പോയത് ശ്രദ്ധയിൽപെട്ടത്. അടുക്കളയുടെ പൂട്ട് തകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ചോറും കറികളും വെച്ചു കഴിച്ചത്. യു.പി. സ്കൂളിനു സമീപത്തെ സ്റ്റോറിന്‍റെ വാതിൽ തകർത്താണ് ഭക്ഷണസാധനങ്ങൾ എടുത്തതെന്ന് സ്കൂൾ ജീവനക്കാർ പറഞ്ഞു.
സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന ബി.ആർ.സിയുടെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. ഒപ്പം ഇവിടെയിരുന്ന തൂമ്പ എടുത്തുകൊണ്ട് വന്ന് യു.പി സ്കൂളിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ഡിസംബർ 16ന് സ്കൂളിൽ മോഷണശ്രമം നടന്നിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. അടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

