ചാലക്കുടിയിൽ വൻകവർച്ച; 15 കിലോ സ്വർണവും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടു
text_fieldsചാലക്കുടി: നഗരഹൃദയത്തിലെ ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റില്‍ വൻ കവര്‍ച്ച. 15 കിലോ സ്വർണവും ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടു. ചാലക്കുടി നോര്‍ത്ത് ട്രങ്ക് റോഡ് ജങ്ഷനിലെ ഇ.ടി. ദേവസി ആൻഡ് സണ്‍സ് ഇടശേരി ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിലാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറുകള്‍ തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്.
തിങ്കളാഴ്ച രാവിലെ 9.30ന് ജ്വല്ലറി തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ലോക്കറുകള്‍ തകര്‍ത്ത നിലയിലും സാധനങ്ങള്‍ അലങ്കോലമായ രീതിയിലും കിടക്കുകയായിരുന്നു. സമീപ കാലത്ത് ജില്ലയില്‍ നടന്ന വലിയ കവര്‍ച്ചയാണിത്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച അവധിയായതിനാൽ ശനിയാഴ്ച വൈകീട്ട് കണക്കെടുപ്പിന് ശേഷം ആഭരണങ്ങളും പണവും ലോക്കറില്‍ സൂക്ഷിച്ചതായിരുന്നു. മോഷണം നടന്നത് ശനിയാഴ്ച രാത്രിക്കും തിങ്കളാഴ്ച പുലര്‍ച്ചെക്കും ഇടയിലാണെന്ന് കരുതുന്നു. ജ്വല്ലറിക്ക് തൊട്ട് ചേര്‍ന്ന് ബാങ്കുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ജ്വല്ലറിയുടെ പിറകുവശം കാടുപിടിച്ച പറമ്പാണ്. ഇവിടെയുള്ള ശുചിമുറിയുടെ എക്സോസ്റ്റ് ഫാന്‍ തകർത്ത് അതിെൻറ ദ്വാരം വലുതാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് നിഗമനം. ശുചിമുറിയുടെ വാതില്‍ തകർത്താണ് ജ്വല്ലറിയുടെ ഉള്ളിലെത്തിയത്. ഭൂഗര്‍ഭ അറയിലുള്ള ലോക്കറിെൻറ വാതിലുകൾ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്തിട്ടുണ്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിക്കുമ്പോഴുള്ള വെളിച്ചം പുറത്ത് കാണാതിരിക്കാന്‍ മുന്‍വശത്തെ ചില്ല് വാതിലുകള്‍ പുതപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലാണ്. ചുമര് തുരക്കാൻ ഉപയോഗിച്ച ആയുധം സമീപത്തുനിന്ന് ലഭിച്ചു.
സാധാരണ ദിവസങ്ങളില്‍ ജ്വല്ലറിക്ക് സുരക്ഷ ജീവനക്കാരന്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, ശനിയാഴ്ച പള്ളിയില്‍ പെരുന്നാളായതിനാല്‍ ഉടമ ഇയാള്‍ക്ക് അവധി നൽകിയിരുന്നു. അവധി ദിവസമായതിനാല്‍ സമീപത്തെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത് മോഷ്ടാക്കള്‍ക്ക് സൗകര്യമായി. സുരക്ഷ അലാറമോ നിരീക്ഷണ കാമറ പോലുള്ള സംവിധാനങ്ങളോ ജ്വല്ലറിയിൽ ഉണ്ടായിരുന്നില്ല. റൂറല്‍ എസ്.പി യതീഷ് ചന്ദ്ര, ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ഹമീദ്, ചാലക്കുടി സി.ഐ ആൻറണി, എസ്.ഐ ജയേഷ് ബാലന്‍, കൊരട്ടി എസ്.ഐ സുഭീഷ്‌മോന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവെടുത്തു.
കെട്ടിടത്തിെൻറ ഉറപ്പില്ലായ്മയും സുരക്ഷാസംവിധാനങ്ങളില്ലാത്തതും മോഷ്ടാക്കളുടെ ജോലി എളുപ്പമാക്കി
ചാലക്കുടി: ചാലക്കുടിയില്‍ ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റിലെ കവര്‍ച്ചയില്‍ മോഷ്ടാക്കളുടെ ജോലി എളുപ്പമാക്കിയത് ജ്വല്ലറി കെട്ടിടത്തിെൻറ പഴക്കവും സുരക്ഷാസംവിധാനങ്ങളുടെ കുറവും. ലഘുവായ പരിശ്രമത്തിലൂടെയാണ് മോഷ്ടാക്കള്‍ ജ്വല്ലറിയുടെ അകത്തുകടന്നതെന്നാണ് പോലീസ് നിഗമനം. കോടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിക്കുന്ന ഈ സ്ഥാപനത്തിന് വേണ്ടത്ര ഉറപ്പില്ലായിരുന്നു. പഴയ കാലത്ത് നിര്‍മ്മിച്ച ഈ കെട്ടിടം ഒരു ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുമ്പോള്‍ ആവശ്യമായ ഉറപ്പില്‍ നവീകരിച്ചിട്ടില്ല. ഇത് ബാത്ത് റൂമിെൻറ ചുവര്‍ മുതല്‍ ലോക്കര്‍വരെ ഈ ഉറപ്പില്ലായ്മ മോഷ്ടാക്കള്‍ക്ക് സഹായകമായിട്ടുണ്ട്. കൂടാതെ ജ്വല്ലറിയുടെ കെട്ടിടത്തിെൻറ പിന്‍വശം സാമൂഹിക വിരുദ്ധര്‍ക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യത്തിന് കാടുമൂടി വിജനമായി കിടക്കുകയാണ്. ഇത് കവര്‍ച്ചകാര്‍ക്ക് മോഷണം ആസൂത്രണം ചെയ്യുന്നതിന് ഏറെ ഗുണം ചെയ്തു. പിടിപോലുമില്ലാത്ത പുതുതായി വാങ്ങിയ പിക്കാക്‌സ് മാത്രമാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്ക് അകത്ത് കടക്കാന്‍ ആയുധമാക്കിയത്.
കെട്ടിടത്തിെൻറ ചുവരുകള്‍ക്ക് നന്നേ ബലം കുറവായിരുന്നു.മോഷ്ടാക്കള്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ കോണിയിലൂടെ കയറി ഭിത്തിയിലെ എക്‌സ് സോര്‍സ#് സ്റ്റ് ഫാന്‍ നീക്കം ചെയ്തതിന് ശേഷം ഭിത്തിയിലെ അല്‍പം സിമെന്റ് പ്ളാസ്റ്റര്‍ മാത്രമേ അവര്‍ക്ക് കടന്നുപോകാന്‍ ദ്വാരമുണ്ടാക്കാന്‍ കളയേണ്ടി വന്നിട്ടുള്ളു. അങ്ങനെ എളുപ്പം ദ്വാരം ഉണ്ടാക്കിയതിന് ശേഷം അതിലൂടെ കാലുകള്‍ ഉള്ളിലേക്ക് കടത്തി മോഷ്ടാക്കള്‍ ഒന്നൊന്നായി കയറിലൂടെ തൂങ്ങി അനായാസം താഴോട്ട് ബാത്ത് റൂമിലേക്ക് ഇറങ്ങാന്‍ കഴിഞ്ഞു. ഇവിടെ നിന്ന് ഷോറൂമിലേക്ക് കടക്കാന്‍ കഴിഞ്ഞത് ബാത്ത്റൂമിെൻറ പിവിസി ഡോര്‍ തകര്‍ത്താണ്. ഉറപ്പുകുറഞ്ഞ നിസാരമായ ഈ പിവിസി ഡോറിന് പകരം ബലമുള്ള വാതില്‍ വച്ചിരുന്നുവെങ്കില്‍ മോഷ്ടാക്കള്‍ക്ക് വലിയ പരിശ്രമം വേണ്ടി വരുമായിരുന്നു. അതുപോലെ ജ്വല്ലറിയുടെ ഷോറൂമിനുള്ളിലെ ഭൂഗര്‍ഭ ലോക്കറിനും ഉറപ്പില്ലായിരുന്നുവെന്ന് വേണം കരുതാന്‍. നിസാരപരിശ്രമം കൊണ്ടാണ് ഇത് തകര്‍ത്തതെന്നാണ് തെളിവുകള്‍ നല്‍കുന്ന സൂചന.
ഇത്തരത്തിലുള്ള ലോക്കറുകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേകതരം ഗുണമേന്മയേറിയ ലോഹമാണ് ഉപയോഗിക്കുക. അങ്ങനെയുള്ളവ പൊളിക്കാന്‍ കൂടുതല്‍ സിലിണ്ടര്‍ ഗ്യാസ് വേണ്ടിവരും. ഇത് പൊളിച്ചുമാറ്റാന്‍ ഒരു സിലിണ്ടറിലെ ഗ്യാസ് പകുതിയോളമേ ഉപയോഗിച്ചിരിക്കാനിടയുള്ളുവെന്നാണ് പോലീസ് നിഗമനം. അതുപോലെ ഇത്രയേറെ സ്വര്‍ണം സൂക്ഷിക്കുന്ന ജ്വല്ലറി ഉടമ സുരക്ഷാസംവിധാനങ്ങളില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ധനകാരസ്ഥാപനങ്ങളിലും മറ്റും സ്ഥാപിക്കുന്ന സൈറണ്‍ പോലുള്ള സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഇങ്ങനെയെങ്കില്‍ മോഷ്ടാക്കള്‍ അകത്തുകടന്ന വിവരം പുറത്തുള്ളവര്‍ അറിയുമായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ജ്വല്ലറിയില്‍ ഒരിടത്തുപോലും ഒരു നിരീക്ഷണ ക്യാമറ പോലും സ്ഥാപിച്ചിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ക്യാമറ തകര്‍ക്കപ്പെടുന്ന സമയം വരെയെങ്കിലുമുള്ള ചിത്രങ്ങള്‍ ലഭിക്കുമായിരുന്നു. ഇതും മോഷ്ടാക്കള്‍ക്ക് ഗുണം ചെയ്തു.
മോഷ്ടാക്കള്‍ക്ക് മുന്‍പരിചയമുള്ളവരുടെ സഹായം ലഭിച്ചതായി സംശയം
ചാലക്കുടി: ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റിലെ കവര്‍ച്ചയില്‍ മോഷ്ടാക്കളുടെ കൂട്ടത്തില്‍ ജല്ലറിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് മുന്‍പരിചയമുള്ളവരുണ്ടാകാമെന്ന് പൊലീസ് നിഗമനം. അല്ലെങ്കില്‍ ആരുടെയോ സഹായം ലഭിച്ചിരിക്കാം. ജ്വല്ലറിയില്‍ കൂടുതല്‍ സ്വർണം സൂക്ഷിച്ച സ്ഥലവും അതിൽ പ്രവേശിക്കാനുള്ള വഴികളും മോഷ്ടാക്കള്‍ മനസ്സിലാക്കിയിരുന്നു. കുറച്ചുകാലമായി നിരീക്ഷണം നടത്തിയ ശേഷമാവണം കൃത്യം നടത്തിയത്. പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ച് ജ്വല്ലറിയിലെ കാവല്‍ക്കാരന്‍ കൊച്ചപ്പന്‍ ശനിയാഴ്ചയും ഞായറാഴ്ചയും ലീവെടുത്തിരുന്നു. ഇത് മനസ്സിലാക്കിയായിരുന്നു മോഷണം. ഫാന്‍ സ്ഥാപിച്ച ഭിത്തി പഴക്കമേറിയതാണെന്നും ബാത്ത് റൂമിലെ വാതില്‍ ദുര്‍ബലമാണെന്നും മോഷ്ടാക്കൾ മനസ്സിലാക്കിയിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
തൃശൂർ: ചാലക്കുടിയിലെ ജ്വല്ലറി കവർച്ച ഡിവൈ.എസ്.പി ഷാഹുൽഹമീദിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ചുമർ തുരന്നുള്ള മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ചുമർ തുരന്നുള്ള മുൻ കേസുകളെയും, സംഘങ്ങളെയും കുറിച്ച് പൊലീസ് വിലയിരുത്തി. ഇതരസംസ്ഥാന സംഘങ്ങളാണ് സമാന ചുമർ തുരന്ന കേസുകളിലെ പ്രധാനികൾ. ഇതനുസരിച്ച് തമിഴ്നാട് സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. തളിക്കുളത്തെ ജ്വല്ലറി കവർച്ച തമിഴ്നാട് സംഘം ഉൾപ്പെട്ടതായിരുന്നു.
മാസം മുമ്പ് ഒല്ലൂരിൽ ആത്മിക ജ്വല്ലറിയുടെ ചുമർ തുരന്നത് ജാർഖണ്ഡ് സംഘമായിരുന്നു. 2007ൽ നടന്ന ചേലേമ്പ്ര ബാങ്ക് കവർച്ച ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷം നടപ്പിലാക്കിയതായിരുന്നു. ഇതിന് സമാനമായ ആസൂത്രണം ചാലക്കുടിയിലെ കവർച്ചയിലും ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജ്വല്ലറിയും, ധനകാര്യ സ്ഥാപനങ്ങളുമടക്കമുള്ളവക്ക് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നിട്ടും ജ്വല്ലറിയിൽ സ്ഥാപിക്കാതിരുന്നത് പൊലീസിനെ വലക്കുന്നുണ്ട്. സി.സി.ടി.വി സ്ഥാപിച്ചിരുന്നെങ്കിൽ അവ നശിപ്പിച്ചാലും സംഘത്തിലേക്കെത്താനുള്ള അടയാളങ്ങൾ ലഭിക്കുമായിരുന്നു. പ്രാദേശികതലത്തിൽ മോഷണത്തിന് സൗകര്യങ്ങൾ ലഭിച്ചിരുന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
