ബിയർ പാർലറിൽ മോഷണം; രണ്ടുപേർ പിടിയിൽ
text_fieldsനേമം: പ്രാവച്ചമ്പലത്തെ കെ.ടി.ഡി.സി ബിയർ പാർലറിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് പിടിയിലായി. പ്രാവച്ചമ്പലം ചാനൽക്കര സ്വദേശിയും പള്ളിത്തുറ സ്വദേശിയുമാണ് പിടിയിലായത്. ഏപ്രിലിൽ രണ്ട് തവണയാണ് പ്രതികൾ സ്ഥാപനത്തിൻറെ പൂട്ടുപൊളിച്ച് 35,000 രൂപയും 10 ബിയർ കുപ്പികളും മോഷ്ടിച്ചത്. ഏപ്രിൽ 19ന് നടന്ന രണ്ടാമത്തെ മോഷണത്തിൽ ബിയർ കുപ്പികൾ ഒന്നിച്ചുകൂട്ടി ഒരു സ്ഥലത്ത് വച്ചിരുന്നുവെങ്കിലും ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നതോടെ പ്രതികൾ പണംമാത്രം കൈക്കലാക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്. പി.പി.ഇ കിറ്റ് ധരിക്കുന്നതിന് സമാനമായി ശരീരവും മുഖവും മറച്ചാണ് പ്രതികൾ സ്ഥാപനത്തിനുള്ളിൽ കയറിയത്. ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തതായാണ് സൂചന. പ്രതികളെ കോടതിയിൽ ഹാജരാക്കും.

