സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍ വീണ്ടും മോഷണം; രണ്ടര ലക്ഷവും മൂന്ന് പവനും നഷ്ടപ്പെട്ടു
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍ വീണ്ടും പട്ടാപ്പകല്‍ മോഷണം. രണ്ട് ലക്ഷം രൂപയും മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ചെട്ടിയാര്‍മാട്- ഒലിപ്രം റോഡിന് സമീപത്തെ സി -25 ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്.
സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ജീവനക്കാരനും കൊല്ലം പരവം സ്വദേശിയുമായ സേതുനാഥും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെള്ളിയാഴ്ച പകലാണ്
സംഭവം. ജോലി കഴിഞ്ഞ് സേതുനാഥ് വൈകീട്ട് അഞ്ചിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ച പണവും ഭാര്യയുടെ മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചത് അറിയുന്നത്. കാലപ്പഴക്കം ചെന്ന ക്വാര്‍ട്ടേഴ്സ് പരിസരം കാടുമൂടി കിടക്കുകയാണ്. പ്രദേശങ്ങളിലൊന്നുംതന്നെ സി.സി.ടി.വി കാമറകളില്ല.
അതിനാല്‍, പൊലീസിന് കാര്യമായ തെളിവുകളൊന്നുംതന്നെ ലഭിച്ചിട്ടില്ല. സര്‍വകലാശാല അക്വാറ്റിക് കോംപ്ലക്സ് പ്രദേശത്തുണ്ട്. എന്നാല്‍, മോഷണം നടന്ന ക്വാര്‍ട്ടേഴ്സിന് അത്ര അടുത്തല്ല. വീട്ടില്‍ പണവും സ്വര്‍ണാഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി തന്ത്രപരമായിട്ടായിരുന്നു മോഷണം.
ജീവനക്കാര്‍ക്ക് ആശങ്കയും അതൃപ്തിയും; ഇനിയെന്ന് സ്ഥാപിക്കും നിരീക്ഷണ കാമറകള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പ്രദേശങ്ങളില്‍ നിരീക്ഷണ കാമറകളില്ലാത്തതിനാല്‍ മോഷ്ടാക്കളുടെ വിളയാട്ടം. സര്‍വകലാശാല ക്വാര്‍ട്ടേഴ്സുകളും കാമ്പസിന് സമീപത്തെ വീടുകളും കേന്ദ്രീകരിച്ച് മോഷണം തുടരുമ്പോഴും പൊലീസിന് തുമ്പൊന്നും ലഭിക്കുന്നില്ല.
കാമ്പസിലെ പല ഭാഗങ്ങളിലായി 300 നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് സര്‍വകലാശാല പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ വൈകുകയാണ്.
കാമ്പസില്‍ സുരക്ഷ ജീവനക്കാരുടെ നേതൃത്വത്തില്‍ രാവും പകലും പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇതൊന്നും സാമൂഹിക വിരുദ്ധരെ ബാധിക്കുന്നില്ലെന്നതാണ് പട്ടാപ്പകലിലെ മോഷണം തെളിയിക്കുന്നത്.
കാമ്പസിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന മോഷ്ടാക്കളെ ആരെയും തേഞ്ഞിപ്പലം പൊലീസിന് ഇതുവരെയും പിടികൂടാനായിട്ടില്ല.
ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് പട്ടാപ്പകല്‍ മോഷണം തുടര്‍ക്കഥയായതോടെ ജീവനക്കാര്‍ പ്രതിഷേധിക്കുകയും കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് എത്രയുംവേഗം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, നടപടികള്‍ വൈകുന്നതിലും മോഷണം തുടരുന്നതിലും ജീവനക്കാര്‍ ആശങ്കയിലും അതൃപ്തിയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

