സിനിമാ തിയറ്റർ പീഡനം: കുട്ടിയുടെ അമ്മ അറസ്റ്റിൽ; കുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റി
text_fieldsഎടപ്പാൾ: സിനിമ തിയറ്ററിലെ പീഡനക്കേസിൽ ബാലികയുടെ അമ്മയെ അറസ്റ്റ് ചെയ്തു. അമ്മയുടെ അറിവോടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന വിവരത്തെതുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകീട്ട് പൊന്നാനി സ്റ്റേഷനിലെത്തിച്ച്, അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടിയെ പീഡിപ്പിച്ച തൃത്താല കാങ്കനകത്ത് മൊയ്തീൻകുട്ടിയെ (60) ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ചങ്ങരംകുളം പൊലീസിെൻറ പരിധിയിലുള്ള കേസായിരുന്നിട്ടും പ്രതികളെ പൊന്നാനി സ്റ്റേഷനിലേക്കാണ് അന്വേഷണ സംഘമെത്തിച്ചത്. ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബി സസ്പെന്‍ഷനിലാവുകയും സ്റ്റേഷന് മുന്നില്‍ കടുത്ത പ്രതിഷേധമുയർന്നതിനാലുമാണ് പൊന്നാനിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച വൈകീട്ട് 6.45ഓടെയാണ് രണ്ട് പ്രതികളെയും മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്. പ്രതികളെ കാണാന്‍ സ്റ്റേഷന് പരിസരത്ത് വലിയ ജനക്കൂട്ടമായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് സ്റ്റേഷനില്‍ നിന്നിറക്കി വാഹനത്തില്‍ കയറ്റിയത്. ജനക്കൂട്ടം പ്രതികള്‍ക്കെതിരെ ശകാരവര്‍ഷം ചൊരിഞ്ഞു.
അറസ്റ്റിന് മുന്നോടിയായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. മാതാവിനെയും മൊയ്തീൻകുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ നിർഭയ റെസ്ക്യൂ ആൻഡ് ഹോമിലേക്ക് മാറ്റി. മജിസ്ട്രേറ്റ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എടപ്പാളിലെ ഒരു തിയറ്ററില്‍ ഏപ്രില്‍ 18ന് വൈകീട്ട് ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് സ്ത്രീക്കൊപ്പമിരുന്ന മൊയ്തീൻകുട്ടി പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്.
ചൈൽഡ്ലൈൻ അധികൃതരെ കുടുക്കാൻ ശ്രമമെന്ന് പരാതി
മലപ്പുറം: ബാലിക പീഡനത്തിനിരയായ സംഭവത്തിൽ സിനിമ തിയറ്റർ ഉടമയുടെ പരാതിപ്രകാരം തുടർനടപടികളെടുത്ത ചൈൽഡ് ലൈൻ അധികൃതരെ കുടുക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസെടുക്കാൻ നീക്കം നടക്കുന്നതായി ആരോപണമുയർന്നത്. പൊലീസ് കേസെടുക്കാൻ വൈകിയ നടപടി വിവാദമായിരിക്കെയാണ് പൊലീസ് ചൈൽഡ് ലൈനിനെതിരെ തിരിഞ്ഞിരിക്കുന്നത്.
എം.എൽ.എയും സി.പി.എം നേതാവും നിയമ നടപടിക്ക്
പട്ടാമ്പി: എടപ്പാളിലെ തിയറ്റർ പീഡന൦ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നവർക്കെതിരെ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയും സി.പി.എം പട്ടാമ്പി ലോക്കൽ കമ്മിറ്റി അംഗവും ട്രേഡ് യൂനിയൻ നേതാവുമായ പി.പി. മൊയ്തീൻകുട്ടിയും നിയമ നടപടിക്ക്. സാമൂഹിക മാധ്യമങ്ങളിലെ അപകീർത്തി പ്രചാരണത്തിനെതിരെ മൊയ്തീൻകുട്ടി പട്ടാമ്പി പൊലീസിൽ പരാതി നൽകി.
ഇദ്ദേഹത്തിെൻറ ഫേസ്ബുക്ക് പേജ് ഉപയോഗിച്ച്, പ്രതി സി.പി.എം നേതാവായതിനാലാണ് കേസെടുക്കാതിരുന്നതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ഇദ്ദേഹം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എക്കൊപ്പം നിൽക്കുന്ന ഫ്ലക്സ് ബോർഡ് ചേർത്തുള്ള അപകീർത്തി കമൻറുകളും ഫേസ്ബുക്കിലുണ്ട്. സമൂഹമാധ്യമത്തിലൂടെ ‘സംഘികളും മുസ്ലിംലീഗിെൻറ ഒാൺലൈൻ ചാവേറുകളും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ’ നിയമ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
