റോഡിൽനിന്ന് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകായംകുളം: വഴിയോരത്തുനിന്ന് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത് പൊലീസിനെ വെട്ടിലാക്കി. ഇലിപ്പക്കുളം പ്രകാശ് ഭവനത്തിൽ പ്രിൻസാണ് (23) ആത്മഹത്യക്ക് ശ്രമിച്ചത്. വള്ളികുന്നം സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്രിൻസിനെയും സുഹൃത്ത് അശ്വിനെയും (21) ചൂനാട് തെക്കേ ജങ്ഷന് സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനിലെത്തിച്ച ഇരുവരെയും ലോക്കപ്പ് മുറിയിൽ അടച്ചു. ഇതിനിടെ ശുചിമുറിയിൽ കയറിയ പ്രിൻസ് ഷർട്ടുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിരീക്ഷണ കാമറയിലൂടെ സംഭവം പാറാവ് ചുമതലക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിന് സഹായിച്ചത്. കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കായംകുളം ഗവ. ആശുപത്രിയിലും എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടി. മദ്യലഹരിയിൽ പിടിച്ചവരെ വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്ന നിർദേശം പൊലീസ് പാലിച്ചില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

