
കത്വ കേസിൽ നീതി ലഭിക്കാൻ കൂടെ നിന്നത് യൂത്ത് ലീഗ് മാത്രം -പെൺകുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ
text_fieldsകോഴിക്കോട്: കത്വ കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കാൻ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെൺകുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ മുബീൻ ഫാറൂഖി. യൂത്ത് ലീഗിനെതിരെയുള്ള പ്രചരണങ്ങൾ വേദനയുണ്ടാക്കുന്നെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിന് യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ കൈമാറിയത് തന്റെ സാന്നിധ്യത്തിലായിരുന്നു. കെ.കെ. പുരി, ഹർഭജൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് ഫീസ് നൽകി ചുമതലപ്പെടുത്തിയ അഭിഭാഷക സംഘം വലിയ പങ്കാണ് വഹിച്ചത്.
ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനും അഡ്വ. മൻവീന്ദർ സിംഗിനെ യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതായി മുബീൻ ഫാറൂഖി പറഞ്ഞു. കേസിൽ മുന്നോട്ട് പോകാനുള്ള ധൈര്യം നൽകിയത് യൂത്ത് ലീഗാണ്. അവസാന നിമിഷം വരെ കൂടെ നിൽക്കും എന്ന ഉറപ്പ് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയതായും അദ്ദേഹം പറഞ്ഞു.
കത്വ സംഭവം ലോക ശ്രദ്ധയിലെത്തിച്ച താലിബ് ഹുസൈൻ വഴിയാണ് യൂത്ത് ലീഗ് പ്രതിനിധികൾ ബന്ധപ്പെട്ടത്. ഭീഷണികൾക്ക് കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്വ കേസിൽ യൂത്ത് ലീഗ് നിയോഗിച്ച അഭിഭാഷകനെവിടെയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമടക്കം വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ യൂത്ത് ലീഗ് എത്തിച്ചത്. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, വൈസ് പ്രസിഡന്‍റ് അഡ്വ. വി.കെ. ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാൻ, മുഹമ്മദലി ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.