ലോഡ്ജിൽ പരിചയപ്പെട്ട യുവതിയും സംഘവും ഡോക്ടറെ ഭീഷണിപ്പെടുത്തി, ഗൂഗ്ൾ പേ വഴി 2,500 കവർന്നു; മൂന്നു പേർ അറസ്റ്റിൽ
text_fieldsഷിജിൻ ദാസ്, അനു കൃഷ്ണ, മുഹമ്മദ് അനസ്
കോഴിക്കോട്: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി അടക്കമുള്ള മൂന്നംഗ സംഘം അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി ഷിജിൻ ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഡോക്ടറുമായി പരിചയപ്പെട്ട പ്രതികൾ പുലർച്ചെ വടിവാൾ കാണിച്ച് ഭീഷപ്പെടുത്തിയ കവർച്ച നടത്തുകയായിരുന്നു. ഡോക്ടറുടെ കൈയിൽ പണമില്ലെന്ന് മനസിലാക്കിയ അക്രമികൾ ഗൂഗ്ൾ പേ വഴി 2,500 രൂപ അയപ്പിച്ചു.
പ്രതികൾ ലഹരി മരുന്ന് വാങ്ങാനാണ് കവർച്ച നടത്തിയത്. ഇവർ സഞ്ചരിച്ച ബൈക്കുകളും മൊബൈൽ ഫോണും വടിവാളും പൊലീസ് കണ്ടെത്തി. ഡൽഹിയിലേക്ക് കടക്കാനിരിക്കെയാണ് അനസും അനു കൃഷ്ണയും പൊലീസ് പിടിയിലാകുന്നത്.
ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. തോമസിന്‍റെ നേതൃത്വത്തിൽ ടൗൺ പൊലീസും കോഴിക്കോട് ആന്‍റി നാർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ ടി.പി ജേക്കബിന്‍റെ നേതൃത്വത്തിൽ ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

