ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു
text_fieldsവെട്ടേറ്റ അഖിൽ വിജയ്
പൂച്ചാക്കൽ: യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. പള്ളിപ്പുറം കളത്തിൽ അഖിൽ നിവാസിൽ അഖിൽ വിജയിനെയാണ് (ഉണ്ണിക്കുട്ടൻ -36) വീട്ടിൽ കയറി ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് വെട്ടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് കളത്തിൽ കോച്ചേരിമഠം വിമൽദേവ് (36), മാവിൻചുവട് ശ്യാംകുമാർ (26), അഞ്ചാം വാർഡിൽ രാഹുൽ മന്ദിരത്തിൽ രാഹുൽ (26) എന്നിവരെയാണ് പൂച്ചാക്കൽ സി.ഐ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ അഖിലിന്റെ ഭാര്യാവീടായ മണപ്പുറത്തുവെച്ചാണ് മൂന്നംഗസംഘം വീട് കയറി ആക്രമിച്ചത്.തലക്കും കൈകൾക്കും വെട്ടേറ്റ അഖിലിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തേ, ആർ.എസ്.എസ് പ്രവർത്തകനായിരുന്ന അഖിൽ വിജയ് സി.പി.എമ്മിൽ ചേർന്നിരുന്നതായി പറയുന്നു. വ്യാഴാഴ്ച പുലർച്ച തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.എസ്.ഐ ജേക്കബ്, സി.പി.ഒ മാരായ ശിവപ്രസാദ്, ഷാജി ജോസഫ്, പ്രജീഷ്, അരുൺ, ഗിരീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

