മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകളൊരുക്കി കനകക്കുന്ന്
text_fieldsതിരുവനന്തപുരം: മത്സ്യലോകത്തിലെ അത്ഭുതക്കാഴ്ചകളൊരുക്കി കനകക്കുന്ന്. മുതലയുടെ മുഖമുള്ള മത്സ്യം, കൈകളും കാലുകളും മനുഷ്യനെപ്പോലെ പല്ലുകളുമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള മത്സ്യം എന്നിങ്ങനെയാണ് കാഴ്ചകൾ. ആമസോണ്‍ നദിയിലെ ആവാസവ്യവസ്ഥയില്‍ മാത്രം കാണുന്ന മീനുകളെവരെ കനകക്കുന്നില്‍ നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള അക്വേറിയത്തില്‍ കാണാം.
50ലേറെ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. മുതലയുടേതിനു സമാനമായ മുഖമുള്ള അലിഗേറ്റര്‍ ഗാറാണ് ആമസോണില്‍ നിന്നുളള വി.ഐ.പികളില്‍ ഒരാള്‍. പ്രദര്‍ശനത്തിലെ ചെറിയ കണ്ണാടിക്കൂട്ടില്‍ കിടക്കുന്ന അലിഗേറ്റര്‍ ഏഴയിടോളം നീളംവെക്കും എന്നറിയുമ്പോഴാണ് അത്ഭുതം തോന്നുക. ആമസോണില്‍ നിന്നു തന്നെയുള്ള ലങ് ഫിഷ് പൊതുവേ ശാന്ത പ്രകൃതനാണ്. വെള്ളത്തില്‍ നിന്നു പിടിച്ചു കരയിലിട്ടാലും ഒന്നോ രണ്ടോ ദിവസമൊക്കെ പുള്ളി പുല്ലുപോലെ അതിജീവിക്കും.
മനുഷ്യന്റെ കൈകള്‍ക്കും കാലുകള്‍ക്കും സമാനമായ അവയവങ്ങളും പല്ലുകളും ലങ് ഫിഷിനെ വ്യത്യസ്ഥനാക്കുന്നു. വെള്ളി നിറത്തില്‍ വെട്ടിത്തിളങ്ങുന്ന രണ്ടുപേരുണ്ട് ഒരു കണ്ണാടിക്കൂട്ടില്‍. ഒറ്റ നോട്ടത്തില്‍ നല്ല മൂര്‍ച്ചയുള്ള രണ്ടു കത്തികള്‍ ആണെന്നേ തോന്നൂ. കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗത്തിന്റെ തിളക്കംവരെ കൃത്യമായി കാണാം. രൂപം പോലെത്തന്നെ നൈഫ് ഫിഷ് എന്നാണ് ഈ സൂഹൃത്തുക്കളുടെ പേര്.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമയും പിരാനകളും കറുപ്പും വെളുപ്പും ഷാര്‍ക് ഫിഷുകളും ജപ്പാനില്‍ നിന്നുള്ള ജപ്പാന് പോയ് എന്ന സുന്ദരനും എല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ഇതിനെല്ലാം പുറമേ നമ്മുടെ പതിവ് അലങ്കാര മത്സ്യങ്ങളായ ഗോള്‍ഡ് ഫിഷും, കാറ്റ് ഫിഷും ഫ്‌ളവര്‍ ഹോണും ജയന്റ് ഗൗരാമിയും അരോണയും ഓസ്‌കാറും എല്ലാം പ്രദര്‍ശനത്തിലുണ്ട്. ഓരോ കൂടിനു മുകളിലും മത്സ്യത്തിന്റെ പേരും ശാസ്ത്രനാമവും മറ്റു വിവരങ്ങളുമടങ്ങുന്ന ചെറിയ കുറിപ്പുകള്‍ പതിച്ചിട്ടുള്ളതിനാല്‍ അക്വേറിയം പുതിയ അറിവുകളും പകര്‍ന്നു നല്‍കുന്നു. ദിവസംതോറും നഗരവസന്തത്തിലേക്കെത്തുന്നവരുടെ തിരക്കു വര്‍ധിക്കുകയാണ്. തലസ്ഥാനത്തിന്റെ പുതുവത്സരാഘോഷങ്ങള്‍ കൊഴുപ്പിക്കാനായി കൂടുതല്‍ വിഭവങ്ങളുമായി തയാറെടുക്കുകയാണ് നഗരവസന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

