പ്രവാസിയുടെ ഭാര്യയും രണ്ടുമക്കളും വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ
text_fieldsസെഫീന, അജുവ, അമൻ
എരുമപ്പെട്ടി (തൃശൂർ): പ്രവാസിയുടെ ഭാര്യയെയും രണ്ടുമക്കളെയും വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങട് റോഡിൽ കാവിലവളപ്പിൽ വീട്ടിൽ (മൊഹഫിൽ മൻസിൽ) ഹാരിസിന്റെ ഭാര്യ സെഫീന (28), മക്കളായ അജുവ (മൂന്ന്), അമൻ (ഒന്നര) എന്നിവരെയാണ് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ പൊള്ളലേറ്റ് കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സെഫീനയുടെ മൂത്തമകൾ ആയിനയും (ആറ്) ഹാരിസിന്റെ മാതാവ് ഫാത്തിമയുമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്.
പള്ളിക്കുളെത്ത ബന്ധുവിന്റെ വിവാഹത്തിൽ ഭർതൃമാതാവിനൊപ്പം പങ്കെടുത്ത ശേഷം സെഫീനയും മക്കളും ശനിയാഴ്ച രാത്രി 11.30നാണ് വീട്ടിലെത്തിയത്. രാവിലെ മൂത്തമകൾ ആയിന ഉമ്മയെ കാണാനില്ലെന്ന് ഫാത്തിമയോട് പറഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേക്കുള്ള വാതിലിന് പുറത്ത് ബാൽക്കണിയിൽ മൃതദേഹങ്ങൾ കണ്ടത്.
കാർപോർച്ചിന് സമീപത്തുനിന്ന് കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികൾ പൊലീസ് കണ്ടെടുത്തു. ഹാരിസും ജ്യേഷ്ഠൻ നവാസും റാസൽഖൈമയിലാണ്. ആറുമാസം മുമ്പ് നാട്ടിലെത്തി തിരിച്ചുപോയ ഹാരിസ് സംഭവമറിഞ്ഞ് ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം പള്ളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. എരുമപ്പെട്ടി പൊലീസ് നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

