കേരളത്തിന്‍റെ ആവശ്യം തള്ളി, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല
text_fieldsന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കില്ല. കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചതായി ശശീന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, കേരളത്തിന്‍റെ പ്രശ്നങ്ങൾ പഠിക്കുമെന്ന് കേന്ദ്രവനം മന്ത്രി പറഞ്ഞു. സ്ഥിതി പരിശോധിക്കാനായി ഉന്നത തലസംഘത്തെ അയക്കും. വന്യമൃഗ ശല്യം തടയുന്നതിനായി കേരളത്തിന് മറ്റെന്തെങ്കിലും സഹായം നൽകാനാകുമോയെന്ന് പരിശോധിക്കുമെന്നും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.
അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിനാശം വരുത്തിയ 10,335 സംഭവമുണ്ടായെന്നും വനംവകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്കു നഷ്ടപരിഹാരമായി നല്‍കിയെന്നും നാലുപേര്‍ മരിച്ചെന്നുമുള്ള കണക്കുകള്‍ നിരത്തിയാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൃഷിയിടങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് പന്നികളെ കൊല്ലാന്‍ അനുമതി വേണം എന്ന് കര്‍ഷകര്‍ വനമന്ത്രിക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എ.കെ ശശീന്ദ്രന്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.