കാട്ടുപോത്ത് ഭീതിക്ക് താൽക്കാലികാശ്വാസം; വനത്തിൽ കയറ്റിവിട്ടു
text_fieldsRepresentational Image
അഞ്ചൽ: കഴിഞ്ഞ മൂന്നുദിവസമായി ഇടമുളയ്ക്കൽ, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിനൊടുവിൽ കുളത്തൂപ്പുഴ വനമേഖലയിലേക്ക് കയറ്റിവിട്ടു.
ഇതോടെ നാട്ടുകാർക്ക് കാട്ടുപോത്ത് ഭീതിയിൽനിന്ന് താൽക്കാലികാശ്വാസമായി. ആയൂർ കൊടിഞ്ഞൽ ഭാഗത്ത് റബർ പുരയിടത്തിൽ ഗൃഹനാഥൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരെണ്ണം നാട്ടിൽ അലഞ്ഞുതിരിയുകയും ചെയ്തതോടെയാണ് ജനം ഭയചകിതരായത്. ജനവാസമേഖലയിലും വീട്ടുമുറ്റങ്ങളിലും കാട്ടുപോത്തിന്റെ സാന്നിധ്യം നാട്ടുകാരിൽ ഭീതിയുയർത്തി. റബർ ടാപ്പിങ് ഉൾപ്പെടെ ജോലികൾ മുടങ്ങി.
അഞ്ചൽ, പത്തനാപുരം റേഞ്ചുകളിലെ വനപാലകരെക്കൂടാതെ കോന്നി, തേക്കടി എന്നിവിടങ്ങളിൽനിന്ന് ആർ.ആർ.ടി അംഗങ്ങൾ ഉൾപ്പെടെ അറുപതോളം വനം വകുപ്പ് ഉദ്യോഗസ്ഥരും അഞ്ചൽ, ചടയമംഗലം, കടയ്ക്കൽ പൊലീസും ചേർന്ന് നടത്തിയ പരിശ്രമത്തെ തുടർന്നാണ് കാട്ടുപോത്തിനെ കുളത്തൂപ്പുഴ വനമേഖലയിലേക്ക് കയറ്റിവിട്ടത്.
പൊതുജനം ആശങ്കപ്പെടേണ്ടതില്ലെന്നും വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ വിവരം വനം വകുപ്പ് അധികൃതരെയോ പൊലീസിനെയോ അറിയിക്കണമെന്നും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. സജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

