തൊണ്ടിമുതലായി സൂക്ഷിച്ച വിവാഹ മോതിരം അതിജീവിതക്ക് തിരികെ നൽകണം
text_fieldsകോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ അഞ്ച് ലക്ഷം രൂപ അതിജീവിതക്ക് നൽകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി. എം. വർഗീസ്. 50,000 രൂപയാണ് ഓരോ പ്രതികളും പിഴയായി അടക്കേണ്ടത്.
ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
അതിജീവിതയുടെ വിവാഹനിശ്ചയമോതിരം തിരികെ നൽകണം. തൊണ്ടിമുതലിന്റെ ഭാഗമായി കോടതിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മോതിരം. വിവാഹമോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ അതിജീവിതയുടെ വിഡിയോ ചിത്രീകരിച്ചത്. അതിനാലാണ് മോതിരം തൊണ്ടിമുതലായി കോടതിയിൽ സൂക്ഷിച്ചത്.
ഒന്നാം പ്രതി സുനിലിന് ഐ.ടി ആക്ട് പ്രകാരം അഞ്ചു വർഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാൽ, ഇത് 20 വർഷത്തെ കഠിന തടവിനൊപ്പം അനുഭവിച്ചാൽ മതി. ആറു പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്ക് താൽക്കാലിക അന്ത്യം കുറിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതികളെല്ലാം വിചാരണ തടവ് കുറച്ചുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ബാക്കി പന്ത്രണ്ടര വർഷം കൂടി തടവ് അനുഭവിച്ചാൽ മതി. മാർട്ടിൻ പതിമൂന്നര വർഷവും ബാക്കിയുള്ള നാലു പ്രതികൾ 15 വർഷവും തടവിൽ കഴിയണം. ശിക്ഷാ വിധി കേട്ട് പ്രതികളെല്ലാം കോടതിയിൽ പൊട്ടിക്കരഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

