ബ്രൂവറിക്ക് വെള്ളം നൽകാനാവില്ലെന്ന് ജല അതോറിറ്റി; ‘മലമ്പുഴയിൽ നിന്ന് വെള്ളം കൊണ്ടുവരാൻ മദ്യകമ്പനിയുമായി ചർച്ച നടത്തിയിട്ടില്ല’
text_fieldsപാലക്കാട്: എലപ്പുള്ളി ബ്രൂവറി യൂനിറ്റിന് ആവശ്യമായ വെള്ളം നൽകാമെന്ന യാതൊരു ഉറപ്പും ഒയാസിസ് കമേഴ്സ്യലിന് നൽകിയിട്ടില്ലെന്ന് ജല അതോറിറ്റി. എഥനോൾ നിർമാണ യൂനിറ്റിനുള്ള ടെൻഡറിനു വേണ്ടിയെന്ന് പറഞ്ഞാണ് സമീപിച്ചത്. കിൻഫ്ര വ്യവസായിക ആവശ്യത്തിന് സജ്ജീകരിക്കുന്ന പദ്ധതിയിൽ നിന്ന് വെള്ളം നൽകുന്നത് പരിഗണിക്കാമെന്ന് മാത്രമേ അറിയിച്ചിട്ടുള്ളൂവെന്നും സൂപ്രണ്ടിങ് എൻജിനീയര്‍ പറഞ്ഞു.
വ്യവസായിക ആവശ്യത്തിന് കിൻഫ്ര മുതൽ മുടക്കിയ പ്രതിദിനം 10 ലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതിയുണ്ട്. ഇതിന്റെ പൈപ്പ് ലൈൻ നടപടി പൂർത്തിയായിട്ടില്ല. നിലവിൽ ഇതിൽ നിന്ന് വ്യവസായിക ആവശ്യത്തിന് വെള്ളമെടുക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ആ പദ്ധതിയിൽ നിന്ന് ‘സ്പെയർ’ ചെയ്യാമെന്നു മാത്രമാണ് 2023 ജൂണിൽ കമ്പനിയുടെ ടെൻഡർ ആവശ്യത്തിന് നൽകിയ കത്തിൽ അന്നത്തെ ചീഫ് എൻജിനീയർ സൂചിപ്പിച്ചത്.
എഥനോൾ നിർമാണ കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാനുള്ള അവസരത്തിനുള്ള റിപ്പോർട്ട് എന്നതിലുപരി മദ്യനിർമാണ കമ്പനിയാണെന്നോ മലമ്പുഴയിൽ നിന്ന് വെള്ളം കൊണ്ടു വരുന്നത് സംബന്ധിച്ചോ ഒരു ചർച്ചയും കമ്പനിയുമായി നടത്തിയിട്ടില്ല.
കിൻഫ്ര സ്വന്തം മുതൽമുടക്കിലൊരുക്കുന്ന പദ്ധതിയുടെ കാര്യം ജല അതോറിറ്റിക്ക് മാത്രം തീരുമാനിക്കാനാവില്ല. കിൻഫ്രയുടെ സമ്മതം കൂടി ആവശ്യമാണ്. കൂടാതെ, പദ്ധതിയുടെ പൈപ്പ് ലൈൻ പൂർത്തിയാകുന്ന മുറക്ക് പരിഗണിക്കാമെന്ന് മാത്രമേ സൂചിപ്പിച്ചിരുന്നുള്ളൂവെന്നും സൂപ്രണ്ടിങ് എൻജിനീയര്‍ മാധ്യമപ്രവർത്തകരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

