'ഗ്രാമവണ്ടി' യാഥാർഥ്യമായി; ഗ്രാമങ്ങളിലും ഇനി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിക്ക് ഉജ്ജ്വല തുടക്കം. പാറശ്ശാല കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് സ്പോൺസർ ചെയ്ത ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു.
കേരള ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് ഗ്രാമവണ്ടി പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സർവിസ് നടത്തുക. യാത്ര വളരെ ആവശ്യമുള്ളതാണ്. ലോകത്തെ അടുപ്പിക്കുന്നത് തന്നെ യാത്രയാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ജനപങ്കാളിത്തത്തോടെ ഗ്രാമവണ്ടി സർവീസ് നടപ്പാക്കുന്നത്.
നാട്ടിൻ പുറങ്ങളിൽ മുഴുവൻ കെഎസ്ആർടിസി ബസുകൾ സഞ്ചരിക്കുന്നത് തന്നെ വിജയകരമാണ്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം ഉൾപ്പെടെ ഇതിനായി സ്പോൺസർ ചെയ്യാനാകും. ഉത്സവങ്ങള്‍, മറ്റ് വാർഷിക ആഘോഷങ്ങൾ, കമ്പനികള്‍ നടത്തുന്നവർ തുടങ്ങി സ്വകാര്യ സംരംഭകര്‍ക്കും ഇതിലേക്ക് സ്പോൺസർ ചെയ്യാനാകും. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യം ഉൾപ്പെടെ പതിക്കാനുള്ള സൗകര്യവും ഒരുക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
താൻ മന്ത്രിയായ ശേഷം ലഭിച്ച ഏറ്റവും കൂടുതൽ നിവേദനങ്ങൾ പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ വേണമെന്നായിരുന്നുവെന്ന് ആദ്യ ബസ് ഫ്ലാഗ് ഓഫ് ചെയ്ത മന്ത്രി ആന്റണി രാജു പറഞ്ഞു.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രാമവണ്ടി നടപ്പാക്കേണ്ടി വരും. ഏത് തദ്ദേശസ്വയംഭരണ സ്ഥാപനം ചോദിച്ചാലും വണ്ടി കൊടുക്കാൻ തയാറാണ്. ഇടറോഡുകളിൽ രണ്ടാം ഘട്ടത്തിൽ ചെറിയ ബസുകൾ ഉള്ള സ്വകാര്യ ബസ് ഉടമകളുമായി കരാർ ഉണ്ടാക്കി അവരുടെ ബസുകൾ എടുത്ത് സർവീസ് നടത്താനാണ് ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു.
പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി എം.ഡി ബിജുപ്രഭാകർ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

