സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം പകുതിയായി കുറഞ്ഞു
text_fieldsകൊച്ചി: സംസ്ഥാനത്തെ കാർഷിക മേഖലയിൽ രാസകീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറയുന്നു. അഞ്ച് വർഷത്തിനിടെ രാസകീടനാശിനികളുടെ പ്രതിവർഷ ഉപഭോഗത്തിൽ 50 ശതമാനം കുറവ് വന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ജൈവ കീടനാശിനികളുടെ ഉപയോഗം ആനുപാതികമായി വർധിക്കുന്നുമുണ്ട്.
കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 2017-18ൽ സംസ്ഥാനത്ത് 1067 മെട്രിക് ടൺ രാസകീടനാശിനികളാണ് ഉപയോഗിച്ചത്. എന്നാൽ, 2021-22ൽ ഇത് 554 മെട്രിക് ടണ്ണായി കുറഞ്ഞു. 2018-‘19ൽ 995 മെട്രിക് ടൺ, 2019-’20ൽ 656, 2020-21ൽ 585 എന്നിങ്ങനെയായിരുന്നു ഉപയോഗം. അതേസമയം, ജൈവ കീടനാശിനികളുടെ ഉപയോഗത്തിൽ വർധനയുണ്ടായിട്ടുമുണ്ട്. 2017-18ൽ കേരളത്തിന് വേണ്ടിവന്നത് 717.28 ടൺ ജൈവ കീടനാശിനി ആയിരുന്നെങ്കിൽ 2020-21ൽ 757.69 ടണ്ണായി ഉയർന്നു. എന്നാൽ, 2021-22ൽ ഇത് 607.80 ടണ്ണായി നേരിയ തോതിൽ താഴ്ന്നിട്ടുണ്ട്. ജൈവകൃഷി വ്യാപകമായതോടെ രാസവളങ്ങളുടെ ഉപയോഗത്തിലും കുറവുണ്ടായി. 2017-18ൽ ഹെക്ടറിന് 93.80 കിലോ എന്ന തോതിലായിരുന്നു കേരളത്തിലെ കൃഷിയിടങ്ങളിൽ രാസവള പ്രയോഗം. എന്നാൽ, 2021-22ൽ ഇത് 32.72 കിലോയായി താഴ്ന്നു.
പുതിയ രാസകീടനാശിനികൾ കുറഞ്ഞ അളവിൽ മതിയെന്നതും ജനങ്ങൾക്കിടയിലെ ബോധവത്കരണവും അവയുടെ ഉപയോഗം കുറയാൻ സഹായിച്ചിട്ടുണ്ടെന്നും വെള്ളാനിക്കര കാർഷിക കോളജിലെ അസോസിയേറ്റ് പ്രഫസർ ഡോ. ബെറിൻ പത്രോസ് പറയുന്നു. രാസകീടനാശിനികളുടെ ഉപയോഗം കുറഞ്ഞത് കൃഷിയെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നതിന് നെല്ലിന്റെ ഉൾപ്പെടെ ഉൽപാദനക്ഷമതയിലുണ്ടായ വർധന തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിവർഷം 10,000 മെട്രിക് ടൺ വീതം വാങ്ങിക്കൂട്ടുന്ന മഹാരാഷ്ട്രയും ഉത്തർപ്രദേശുമാണ് രാസകീടനാശിനികളുടെ ഉപയോഗത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. തെലങ്കാന, ഝാർഖണ്ഡ്, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഉപയോഗം കുതിച്ചുയരുമ്പോൾ കേരളത്തിലും ആന്ധ്രയിലുമാണ് ഉപയോഗം കുറയുന്നത്.