ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ചത് തിരുത്തണം; കേന്ദ്രം ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നുവെന്ന് കോടിയേരി
text_fieldsകോഴിക്കോട്: റിപ്പബ്ലിക് ദിനപരേഡിൽ നിന്നും ശ്രീനാരായണ ഗുരുവിന്‍റെ നിശ്ചലദൃശ്യം പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീനാരായണഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
നവോഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്.
റിപ്പബ്ലിക് ദിന പരേഡിൽ കേരളം നൽകിയ നിശ്ചല ദൃശ്യത്തിന്‍റെ മോഡലിൽ, സ്ത്രീ സുരക്ഷയെന്ന ആശയം മുൻനിർത്തി ജടായുപ്പാറയിലെ പക്ഷിശിൽപ്പവും ചുണ്ടൻ വള്ളവുമാണ് ഉണ്ടായിരുന്നത്. ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നിൽ വെക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കേരളം ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ മുന്നിൽവെക്കാമെന്ന് അറിയിച്ച് അതിന്‍റെ മോഡൽ സമർപ്പിച്ചു. ഈ നിശ്ചലദൃശ്യം ഉൾപ്പെടുത്താമെന്ന് അധികൃതർ പറയുകയും അന്തിമ ചുരുക്കപ്പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തുകയും ചെയ്തതായിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ശ്രീനാരായണ ഗുരുവിന്‍റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
ബി.ജെ.പിക്ക് ശ്രീ നാരായണഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോഥാന നായകനെ ഈ വിധത്തിൽ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. ശ്രീനാരായണ ഗുരുവിന് അയിത്തം കൽപ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം തിരുത്താൻ കേന്ദ്രം തയ്യാറാവണം. റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്‍റെ, ശ്രീനാരായണ ഗുരുവിന്‍റെ നിശ്ചലദൃശ്യം ഉൾപ്പെടുത്തണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കോടിയേരി ആവശ്യപ്പെട്ടു.