സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ മുൻകൂർ അംഗീകാരമില്ല; ‘പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നൽകിയതാണ് കാരണം’
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിന് തലേദിവസമായ ഞായറാഴ്ച രാത്രി വരെയ്ക്കും അനുമതി നൽകാതെ ഗവർണർ. സർവകലാശാല നിയമഭേദഗതി ബിൽ രണ്ട് ബില്ലുകളായാണ് സഭയിൽ അവതരിപ്പിക്കുന്നത്.
മൂലനിയമം മലയാളത്തിലായതിനാൽ കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുടെ നിയമഭേദഗതി ബില്ലും മലയാളത്തിലാണ് തയാറാക്കിയത്. ഈ ബിൽ സഭയിൽ അവതരിപ്പിക്കും മുമ്പ് ഗവർണറുടെ അനുമതിക്കായി അയച്ചിരുന്നു. ഈ ബില്ലിനാണ് ഞായറാഴ്ച രാത്രി വരെയും അനുമതി നൽകാതെ തടഞ്ഞത്.
നേരത്തെ സമർപ്പിച്ച സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകിയിട്ടുമുണ്ട്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി സർവകലാശാലകളുടെ മൂലനിയമം ഇംഗ്ലീഷിൽ തന്നെയായതിനാൽ ഭേദഗതി ബില്ലും ഇംഗ്ലീഷിലാണ്. ഈ ബില്ല് അനുമതിക്കായി ഗവർണർക്ക് അയച്ചിട്ടില്ല.
മൂന്ന് സർവകലാശാലകളുടെ നിയമ ഭേദഗതി കരട് ബില്ലിന് അനുമതി ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ചത്തെ ബിൽ അവതരണത്തെ ബാധിക്കും. നിയമ ഭേദഗതി ബില്ലിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നൽകിയതാണ് ബില്ലിനുള്ള അനുമതി വൈകാൻ കാരണമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

