യു.ഡി.എഫ് വിചാരണ സദസിന് ഡിസംബര്‍ രണ്ടിന് തുടക്കം
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് വിചാരണ സദസിന് ഡിസംബര്‍ രണ്ടിന് തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിൽ അവർ ജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്താൻ പോകുന്ന വിചാരണ സദസുകൾ ഡിസംബർ രണ്ടു മുതൽ 22 വരെ തീയതികളിൽ നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.
സർക്കാരിനെതിരെയുള്ള യു.ഡി.എഫിന്റെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസിലെ പ്രധാന പരിപാടി ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന 12 നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന വിചാരണ സദസുകളോടെ പരിപാടി ആരംഭിക്കും. ഡിസംബർ രണ്ടിന് ഉച്ചക്ക് മൂന്ന് മുതൽ ആറു വരെയാണ് വിചാരണ സദസ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും. സ്പോർട്സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിർവഹിക്കും.
തദ്ദേശ വകുപ്പ് മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ രമേശ് ചെന്നിത്തലയും സഹകരണ മന്ത്രിയുടെ മണ്ഡലമായ ഏറ്റുമാനൂരിൽ പി.ജെ ജോസഫും റവന്യൂ മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരിൽ സി.പി ജോണും കൃഷിമന്ത്രിയുടെ മണ്ഡലമായ ചേർത്തലയിൽ എം.എം ഹസനും വ്യവസായ മന്ത്രിയുടെ മണ്ഡലമായ കളമശ്ശേരിയിൽ കെ മുരളീധരനും ആരോഗ്യ മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിൽ ഷിബു ബേബിജോണും ഉദ്ഘാടനം നിർവഹിക്കും.
ജലസേചന മന്ത്രിയുടെ മണ്ഡലമായ ഇടുക്കിയിൽ അനൂപ് ജേക്കബും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയിൽ ജി. ദേവരാജനും ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു128 മണ്ഡലങ്ങളിലെ വിചാരണ സദസുകൾ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും യു.ഡി.എഫ് നേതാക്കളും ഉദ്ഘാടനം നിർവഹിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

