മുണ്ടക്കയം: ഇരുനില വീട് ഒലിച്ചുപോയി. മാധ്യമം ഏജൻറ് സി.വി. അനിൽകുമാറിെൻറ സഹോദരങ്ങളായ കണ്ണനും സാബുവും താമസിച്ചിരുന്ന ഇരു നില വീടും സമീപത്തെ ലിബിെൻറ വീടും പൂർണമായി ഒലിച്ചുപോയി.
കോരുത്തോട് ടൗൺ വെള്ളത്തിനടിയിലായി. കൊമ്പുകുത്തി, പള്ളിപ്പടി കോസടി, കുഴിമാവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലും വ്യാപകമായി ഉരുൾ പൊട്ടി. ആനചാരി, അഴങ്ങാട്, വടക്കേമല മേഖലകളിൽ നിന്ന് നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു.
മഴക്കെടുതി; രക്ഷക്കായി സൈന്യം രംഗത്ത്
തിരുവനന്തപുരം: ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സൈന്യവും രംഗത്തെത്തി. കരസേനയുടെ രണ്ടു സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കൂട്ടിക്കല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒരു സംഘം. സര്‍ക്കാറിെൻറ അഭ്യര്‍ഥന പ്രകാരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മേജര്‍ അബിന്‍ പോളിെൻറ നേതൃത്വത്തിലുള്ള 35 അംഗ സംഘമാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്.
എം.ഐ 17, സാരംഗ് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇറക്കും. മറ്റൊരു യൂനിറ്റിനെ തിരുവനന്തപുരത്തും വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ വ്യോമസേനയും സജ്ജമാണ്. ദേശീയ ദുരന്ത പ്രതികരണസേനയുടെ ആറ് സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ഡിഫന്‍സ് സെക്യൂരിറ്റി കോര്പ്സിെൻറ രണ്ടു ടീമുകൾ കണ്ണൂരിലും കോഴിക്കോട്ടുമുണ്ട്. കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാന്‍ഡിന് കീഴിലെ എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.
സർവസജ്ജരായി നാവിക സേനയും
കൊച്ചി: വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ദക്ഷിണ നാവിക സേനയും. കോട്ടയം കൂട്ടിക്കൽ പ്രദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങളെ എയർ ലിഫ്റ്റ് ചെയ്യുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാവികസേനയോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇതിനായി ഡൈവിങ്, റെസ്ക്യൂ ടീമുകൾ ഏതുനിമിഷവും രംഗത്തിറങ്ങാൻ തയാറായിക്കൊണ്ടിരിക്കുകയാണ്. വ്യോമ രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ അനുകൂലമായാലുടൻ വിന്യസിക്കാൻ ഹെലികോപ്ടറുകളും സജ്ജമാണ്.