ട്വന്‍റി20 സഖ്യം ഗുണം ചെയ്തില്ല; വോട്ട് വിഹിതം കുറഞ്ഞ് എൻ.ഡി.എ
text_fieldsകൊച്ചി: സാബു ജേക്കബിന്‍റെ ട്വന്‍റി20 ബി.ജെ.പിക്കൊപ്പം ചേർന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എക്ക് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തൽ. 2021ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ലഭിച്ച വോട്ടിൽ, ട്വന്‍റി20 സഖ്യകക്ഷിയായ ശേഷം വർധന ഉണ്ടായില്ലെന്നാണ് വിവിധ മണ്ഡലങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
2021ൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ മത്സരിച്ച എൻ.ഡി.എക്ക് 1,74,065 വോട്ടും എട്ട് മണ്ഡലങ്ങളിൽ മാത്രം മത്സരിച്ച ട്വന്‍റി 20ക്ക് 1,45,664 വോട്ടുമാണ് ആകെ ലഭിച്ചത്. ഇതുപ്രകാരം, ട്വന്‍റി20 ഒപ്പം ചേർന്ന ശേഷമുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ഏറ്റവും കുറഞ്ഞത് 3,10,729 വോട്ടാണ് ലഭിക്കേണ്ടത്. എന്നാൽ, എൻ.ഡി.എക്ക് ലഭിച്ചത് 2,53,137 വോട്ട് മാത്രം. 66,592 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്.
ഒറ്റക്ക് മത്സരിച്ച ട്വന്‍റി20
2021ൽ പെരുമ്പാവൂർ, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിലാണ് ട്വന്‍റി20 മത്സരിച്ചത്. ഇതിൽ ആറ് മണ്ഡലങ്ങളിൽ ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
കൊച്ചി, കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മൂവാറ്റുപുഴ മണ്ഡലങ്ങളിലായിരുന്നു മൂന്നാം സ്ഥാനം. എറണാകുളത്തും തൃക്കാക്കരയിലും നാലാം സ്ഥാനത്തും എത്തി. 2021ൽ കൊച്ചിയിലെയും കുന്നത്തുനാട്ടിലെയും എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിന് ട്വന്‍റി20 പിടിച്ച വോട്ടുകൾ നിർണായകവുമായി.
2021ൽ എൻ.ഡി.എക്കും ട്വന്‍റി20ക്കും ലഭിച്ചത്
2021ൽ മത്സരിച്ച പെരുമ്പാവൂർ, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ യഥാക്രമം ചിത്ര സുകുമാരൻ-20,536, ഡോ. ജോബ് ചക്കാലക്കൽ-16,707, ഷൈനി ആന്‍റണി-19,676, പ്രഫ. ലസ് ലി പള്ളത്ത്-10,634, ഡോ. ടെറി തോമസ്-13,897, ഡോ. സുജിത്ത് പി. സുരേന്ദ്രൻ-42,701, അഡ്വ. സി.എൻ. പ്രകാശ്-13,535, ഡോ. ജോ ജോസഫ്-7978 എന്നിങ്ങനെയാണ് ട്വന്‍റി20ക്ക് വേണ്ടി പിടിച്ച വോട്ട്. ഇതേ മണ്ഡലങ്ങളിൽ എൻ.ഡി.എക്ക് യഥാക്രമം അഡ്വ. ടി.പി. സിന്ധുമോൾ-15,135 വോട്ട്, അഡ്വ. കെ.എസ്. ഷൈജു-13,540, സി.ജി. രാജഗോപാൽ-10,991, പത്മജ എസ്. മേനോൻ-16,043, എസ്. സജി-15,483, രേണു സുരേഷ്-7,218, ജിജി ജോസഫ്-7,527, ഷൈൻ കെ. കൃഷ്ണൻ-46,38 എന്നിങ്ങനെ നേടി.
ഇത്തവണ എൻ.ഡി.എയുടെ പ്രകടനം
2021ൽ എൻ.ഡി.എക്ക് ലഭിച്ച വോട്ടിനൊപ്പം ട്വന്‍റി20യുടെ വോട്ടുകൾ കൂടി ചേർത്താൽ പെരുമ്പാവൂർ (35,671), വൈപ്പിൻ (30,247), കൊച്ചി (30,667), എറണാകുളം (26,677), തൃക്കാക്കര (29,380), കുന്നത്തുനാട് (49,919), മൂവാറ്റുപുഴ (21,062), കോതമംഗലം (12,616) എന്നിങ്ങനെയാണ് ഇത്തവണ ലഭിക്കേണ്ടത്.
എന്നാൽ, പെരുമ്പാവൂർ (ജിബി പാത്തിക്കൽ-22,497), വൈപ്പിൻ (അനിത തോമസ്-13,637), കൊച്ചി (സേവ്യർ ജൂലപ്പൻ-11,854), എറണാകുളം (പി.ആർ. ശിവശങ്കർ-19,154), തൃക്കാക്കര (അഖിൽ മാരാർ-21,424), കുന്നത്തുനാട് (ബാബു ദിവാകരൻ-40,221), മൂവാറ്റുപുഴ (സണ്ണി കടൂത്താഴെ-9840), കോതമംഗലം (അജി നാരായണൻ-7046) എന്നിങ്ങനെയാണ് എൻ.ഡി.എക്ക് ലഭിച്ചത്. ഇതിൽ പെരുമ്പാവൂർ, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ ട്വന്‍റി20യും കോതമംഗലത്ത് ബി.ഡി.ജെ.എസുമാണ് മത്സരിച്ചത്. സഖ്യമായിട്ടും 2021ൽ എട്ട് മണ്ഡലങ്ങളിൽ ട്വന്‍റി20 പിടിച്ച വോട്ടിനൊപ്പമോ അതിനെ മറികടക്കാനോ ഇത്തവണ എൻ.ഡി.എക്ക് കഴിഞ്ഞില്ല.
ട്വന്‍റി20ക്ക് തിരിച്ചടിയായത്
ട്വന്‍റി20യുടെ വോട്ട് കൂടിയാകുമ്പോൾ ഇത്തവണ ജില്ലയിൽ വൻ കുതിപ്പ് നടത്താനാവും എന്നായിരുന്നു എൻ.ഡി.എയുടെ കണക്കുകൂട്ടൽ. എന്നാൽ, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോട് വിരക്തി തോന്നിയ ജനങ്ങൾക്ക് മുമ്പിൽ വികസനവും ബദലും ഉയർത്തിക്കാട്ടി ‘സ്വപ്ന രാഷ്ട്രീയം’ പറഞ്ഞ ട്വന്‍റി20 തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒറ്റക്ക് നിന്നപ്പോൾ ലഭിച്ച വോട്ട് പോലും പിടിക്കാൻ ഇത്തവണ സാധിച്ചില്ല. ബി.ജെ.പിക്കൊപ്പം ചേർന്നത് ക്രിസ്ത്യൻ-മുസ്‌ലിം ന്യൂനപക്ഷ വിഭാഗം, യുവാക്കൾ, സ്വതന്ത്ര വോട്ടർമാർ എന്നിവരെ ട്വന്‍റി20യിൽ നിന്ന് അകറ്റുകയും ഇത് എൻ.ഡി.എക്ക് തിരിച്ചടിയാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

