`അപമാനിതനായ വിഷമത്തിൽ ജീവനൊടുക്കി'; വിശ്വനാഥനെ ആൾക്കൂട്ടം വിചാരണ നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്
text_fieldsവിശ്വനാഥൻ
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥനെ ആൾക്കൂട്ട വിചാരണ നടത്തിയതായി സ്ഥിരീകരിച്ച് പൊലീസ്. ആദിവാസി ആണെന്നറിഞ്ഞ് ബോധപൂർവ്വം ചോദ്യം ചെയ്തുവെന്നും ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. കോഴിക്കോട് മാതൃശിശു ആശുപത്രി പരിസരത്തു വെച്ച് മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ തടഞ്ഞു നിർത്തി ചിലർ ചോദ്യം ചെയ്തെന്നും സഞ്ചി പരിശോധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നിറം കൊണ്ടും രൂപം കൊണ്ടും ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിശ്വനാഥന്‍റെ സഞ്ചി പരിശോധിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിൽ വിശ്വനാഥൻ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. വിശ്വനാഥന്റെ ബന്ധുക്കൾ, ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫുകൾ, രോഗികളുടെ കൂട്ടിരിപ്പുകാർ തുടങ്ങി സിസിടിവി ദൃശ്യങ്ങളിൽ കണ്ട നൂറോളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ വയനാട് സ്വദേശി വിശ്വനാഥിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞുണ്ടായതെന്നും മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഫെബ്രുവരി എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് വിശ്വനാഥിനെ കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുന്നതിനിടെ ഒരാളുടെ പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അപമാനഭാരം സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

