മധു കേസിൽ വിചാരണ നേരത്തെയാക്കി
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധുവധകേസിൽ വിചാരണ നേരത്തെയാക്കി. മാർച്ച് 18ന് കേസിലെ വിചാരണ ആരംഭിക്കും. മാർച്ച് 26ന് വിചാരണ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. കേസിലെ ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് കൈമാറിയിരുന്നു. കോടതിയിൽ എത്തിയാണ് പ്രതികൾ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ശേഖരിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറിയിട്ടുണ്ട്.
ഹൈകോടതി ഇടപെടലിലാണ് വിചാരണ നേരത്തെയാക്കാൻ തീരുമാനിച്ചത്. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട വിചാരണയെ തുടർന്നുണ്ടായ ക്രൂരമർദനത്തെ തുടർന്ന് മധു മരിച്ചത്. കടയിൽ നിന്നും ഭക്ഷണമെടുത്തുവെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
കൊലപാതകം, പട്ടിക വർഗം പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മർദനത്തെ തുടർന്ന് മധുവിന്റെ ശരീരത്തിലുണ്ടായ 15ഓളം മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.