നടിയെ ആക്രമിച്ച കേസിൽ 16 വരെ വിചാരണ നിർത്തിവെക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈകോടതി നീട്ടി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നും അന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈകോടതി അറിയിച്ചു. കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകൻ ക്വാറന്‍റീനിലായതിനാലാണ് ഹൈകോടതി സ്റ്റേ നീട്ടിയത്.
നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ദിലീപ് മകൾ വഴി പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞത് രേഖപ്പെടുത്താൻ പോലും കോടതി തയാറായില്ല. ആക്രമിക്കപ്പെട്ട നടിയെ ദിലീപിന്‍റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല. നിരവധി അഭിഭാഷകരുടെ മുന്നിലാണ് അധിക്ഷേപകരമായ കാര്യങ്ങൾ പോലും പറയേണ്ടിവന്നതെന്നും അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ലെന്നും ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നു.