കയറും മുമ്പേ ട്രെയിൻവിട്ടു; യുവാവ് വീട്ടിലേക്ക് നടന്നത് 250 കി.മീറ്റർ
text_fieldsചെന്നീർക്കര മാത്തൂർ മൈലക്കുന്നിൽ എം. കെ. അനിൽ മാതാപിതാക്കളായ പൊടിപ്പെണ്ണിനും കുഞ്ഞുചെറുക്കനും ഒപ്പം
പത്തനംതിട്ട: ട്രെയിൻ യാത്രക്കിടെ കാണാതായ യുവാവിനെ തേടി ബന്ധുക്കൾ അലയുന്നതിനിടെ പാലക്കാട്ടുനിന്ന് നടന്ന് ഇയാൾ പത്തനംതിട്ടയിലെ വീട്ടിലെത്തി. കൂലിപ്പണിക്കാരനായ ചെന്നീർക്കര മാത്തൂർ മൈലക്കുന്നിൽ എം.കെ. അനിൽ (43) പറയുന്നത് പ്രകാരമാണെങ്കിൽ അയാൾ നടന്നത് 250 കിലോമീറ്റർ. പൊലീസിലും ഇദ്ദേഹം ഇപ്രകാരമാണ് മൊഴിനൽകിയത്. ''മറ്റുള്ളവരോട് സഹായം ചോദിക്കാൻ മടിച്ചതോടെ രാപ്പകൽ നടക്കുകയായിരുന്നു. ആരോടും രൂപ ചോദിക്കാൻ ശ്രമിച്ചില്ല. ഭയന്ന് പോയിരുന്നു.
എത്രയും വേഗം വീട്ടിലെത്തുക മാത്രമായിരുന്നു ആഗ്രഹം''- അനിൽ പറയുന്നു. സഹോദരി ഉഷയുടെ മകൾ ടീനക്ക് ആന്ധ്രയിലെ ഗുണ്ടൂരിൽ നഴ്സിങ് പ്രവേശനം നേടിയ ശേഷം തിരികെ നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഈ മാസം മൂന്നിനാണ് അനിലിലെ കാണാതാകുന്നത്. ''സഹോദരിയും അനിലിന്‍റെ ഭാര്യ രാജിയും മകൾ അഞ്ജുവും മറ്റൊരു ലോക്കൽ കമ്പാർട്ട്മെന്‍റിലായിരുന്നു. യാത്രക്കിടെ പാലക്കാട്ട് നിർത്തിയ ട്രെയിനിൽനിന്ന് വെറുതേയിറങ്ങിയതാണ്. തിരികെ വന്നപ്പോഴേക്കും ട്രെയിൻ വിട്ടു.
രാത്രി റെയിൽവേ സ്റ്റേഷന് പുറത്തേക്കിറങ്ങി നടന്നു. പണവും മൊബൈൽ ഫോണും ഭാര്യയുടെ കൈവശമായിരുന്നു. ഫോൺ നമ്പർ ഒന്നും കാണാതെ അറിയുകയുമില്ല. റോഡിലെ ബോർഡുകൾ നോക്കി യാത്ര തുടർന്നു. രാത്രി ബസ്സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും വിശ്രമിച്ചു. പൈപ്പ് വെള്ളം കുടിച്ചും ഇടക്ക് ക്ഷേത്രത്തിലെ അന്നദാനം കഴിച്ചും വിശപ്പടക്കി. 10ന് രാവിലെയാണ് ചെങ്ങന്നൂരിൽ വന്നത്. അവിടെനിന്ന് ആറന്മുളയിലേക്ക് നടന്നു. മാലക്കരയ്ക്ക് സമീപം ബൈക്കിൽ പോയ ഒരാൾ സംശയം തോന്നി നിർത്തി.
ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു''. അനിൽ പറയുന്നു. ഇയാളെ കാണാതയെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയിൽ ഇലവുംതിട്ട പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഭയന്നുപോയ അനിൽ മാനസികമായി തകർന്നാണ് മടങ്ങിയെത്തിയതെന്ന് പൊലീസും ബന്ധുക്കളും പറയുന്നു. പലതും പൂർണമായും ഓർത്തെടുക്കാൻ കഴിയുന്നില്ല. വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി അനിലിനെ ബന്ധുക്കൾക്കൊപ്പം വിട്ടു.
ഈമാസം ഒന്നിനാണ് കുടുബം ഗുണ്ടൂരിലേക്ക് പോയത്. അനിലിനെ കാണാതായ വിവരമറിഞ്ഞത് എറണാകുളത്ത് വെച്ചാണെന്ന് സഹോദരി ഉഷ പറഞ്ഞു. നാലിന് രാവിലെ എറണാകുളത്ത് ട്രെയിൻ നിർത്തിയപ്പോൾ അടുത്ത കമ്പാർട്ട്‌മെന്റിൽ കയറി നോക്കിയപ്പോഴാണ് അനിലിനെ കാണാനില്ലെന്നറിഞ്ഞത്. മകനെ നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുകയായിരുന്നു കുഞ്ഞുചെറുക്കനും പൊടിപ്പെണ്ണും. അവരുടെ ഇളയ മകനാണ് അനിൽ. മൂത്തത് ഉഷയും രണ്ടാമത്തെ മകൻ സുനിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

