Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാണിയപ്പാറതട്ട് കല്ലറ...

വാണിയപ്പാറതട്ട് കല്ലറ തുറന്നു, മൂന്നാമത് മൃതദേഹമില്ല; ദുരൂഹത നീങ്ങി

text_fields
bookmark_border
വാണിയപ്പാറതട്ട് കല്ലറ തുറന്നു, മൂന്നാമത് മൃതദേഹമില്ല; ദുരൂഹത നീങ്ങി
cancel

ഇരിട്ടി (കണ്ണൂർ): വാണിയപ്പാറതട്ട് ഉണ്ണി മിശിഹ പള്ളിയിലെ 38ാം നമ്പർ കല്ലറയിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞനിലയിൽ മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങി. കല്ലറയിൽ മൂന്നാമത് മൃതദേഹത്തിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയില്ല. കല്ലറയിൽ 2006ൽ അടക്കം ചെയ്ത മറിയം മൊയ്യപള്ളിന്റെ ഒപ്പമുള്ളതാണ് പ്ലാസ്റ്റിക് പായയെന്ന് ബുധനാഴ്ച കല്ലറ തുറന്നുനടത്തിയ പരിശോധനയിൽ വ്യക്തമായി.

മറിയം മൊയ്യപ്പള്ളിന്റെ സംസ്‌കാര ചടങ്ങിനോടൊപ്പം ധരിപ്പിച്ചിരുന്നതെന്ന് കരുതുന്ന കൗണിയുടെ (ചട്ട മുണ്ടിന്റെ മുകളിൽ ധരിക്കുന്നത്) അവശിഷ്ടങ്ങൾ കണ്ടെത്തി. 2015ൽ ഇതേ കല്ലറയിൽ സംസ്‌കരിച്ച മൃതദേഹം ജെയിംസ് കുമ്പുക്കലിന്റെതാണെന്നും വ്യക്തമായി. ശാസ്ത്രീയ വ്യക്തതക്ക് ഇരു മൃതദേഹാവശിഷ്ടങ്ങളുടെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കായി ശേഖരിച്ചു. കല്ലറയിൽനിന്ന് രണ്ടുപേരുടെ തലയോട്ടിയും രണ്ടുവീതം തുടയെല്ലും രണ്ട് കൊന്തകളും കണ്ടെത്തി.

ബുധനാഴ്ച അഡീഷനൽ എസ്.പി എൻ.ആർ. ജയരാജന്റെ മേൽനോട്ടത്തിൽ പരിയാരം മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. പ്രജിത്ത്, ഇരിട്ടി ഹെഡ് ക്വാർട്ടേഴ്‌സ് തഹസിൽദാർ അനീഷ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫോറൻസിക് വിദഗ്ധരും മെഡിക്കൽ ബോർഡ് അംഗങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പള്ളി വികാരിയും ജനപ്രതിനിധികളും സ്ഥലത്തെത്തി. വൻ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും പ്രവേശിപ്പിച്ചിരുന്നില്ല. പത്തരയോടെ ആരംഭിച്ച പരിശോധനയും നടപടിക്രമങ്ങളും ഒന്നരമണിക്കൂറിനകം പൂർത്തിയാക്കി.

ജൂൺ 13ന് ഇടവകയിൽ മരിച്ച ഒരാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് അസ്വാഭാവികമായി കല്ലറയിൽ മൂന്നാമതൊരു മൃതദേഹം പോലൊരു വസ്തു കണ്ടത്. കരിക്കോട്ടക്കരി പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ സംസ്‌കരിച്ചവരുടെ കുടുംബങ്ങളെ കണ്ടെത്തി ദുരൂഹത ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും കല്ലറ തുറക്കണമെന്ന നിലപാടാണ് പള്ളി അധികൃതർ തുടക്കം മുതൽ സ്വീകരിച്ചത്. വാണിയപ്പാറതട്ടിൽ കാണാതായ വിലങ്ങാട് സ്വദേശി സിജോസ് സ്‌കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന ഊഹാപോഹങ്ങളും സംശയങ്ങൾക്ക് ആക്കം കൂട്ടി. ഇതോടെ കരിക്കോട്ടക്കരി പൊലീസ് തലശ്ശേരി ആർ.ഡി.ഒ കോടതിയിൽനിന്ന് അനുമതി വാങ്ങിയാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - The tomb in Vaniyappara church was opened
Next Story