അജ്ഞാതൻ ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറി വിൽപനക്കാരിക്ക് പണം പിരിച്ചുനൽകി പൊലീസ്
text_fieldsനഷ്ടപ്പെട്ട ടിക്കറ്റിന്റെ പണം തൊടുപുഴ
ഡിവൈ.എസ്.പി മധുബാബുവിന്റെ
നേതൃത്വത്തിൽ കാർത്യായനിക്ക് നൽകുന്നു
തൊടുപുഴ: അജ്ഞാതൻ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തതോടെ പ്രതിസന്ധിയിലായ ലോട്ടറി വിൽപനക്കാരിക്ക് സഹായ ഹസ്തവുമായി പൊലീസ് ഉദ്യോഗസ്ഥർ. തൊടുപുഴ ടൗണില്‍ ലോട്ടറി വിൽപന നടത്തുന്ന പന്നിമറ്റം ഉറുമ്പനാനിയ്ക്കൽ കാര്‍ത്യായനി കൃഷ്ണന്‍കുട്ടിക്കാണ് നഷ്ടപ്പെട്ട ടിക്കറ്റിന്റെ പണം തൊടുപുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പിരിച്ചുനൽകിയത്. കേരള സര്‍ക്കാറിന്റെ ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറിയുടെ അമ്പതോളം ടിക്കറ്റാണ് അജ്ഞാതന്‍ തട്ടിയെടുത്തത്.
കടംവാങ്ങിയ പണം ഉപയോഗിച്ച് വിൽപനക്കായി വാങ്ങിയ ലോട്ടറികളാണ് തട്ടിയെടുത്തത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. തൊടുപുഴ ജ്യോതി ജങ്ഷന് സമീപത്തെ ജ്വല്ലറിക്ക് അടുത്ത് ലോട്ടറി വിൽപന നടത്തുമ്പോഴാണ് ഇയാൾ കാര്‍ത്യായനിയെ സമീപിച്ച് ലോട്ടറി ആവശ്യപ്പെട്ടത്. നല്ല നമ്പറുകൾ നോക്കിയെടുക്കാൻ ഇവരുടെ കൈവശം ഉണ്ടായിരുന്ന ടിക്കറ്റുകള്‍ മുഴുവന്‍ ഇയാള്‍ വാങ്ങി. ഇതിനിടെ ഒരു നാലക്ക നമ്പര്‍ പറഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസത്തെ ലോട്ടറിയുടെ ഫലത്തില്‍ അതുണ്ടോയെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു.
കാര്‍ത്യായനി ലോട്ടറിയുടെ ഫലം നോക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന പേപ്പറിനുള്ളില്‍ കുറെ ലോട്ടറികള്‍ മാറ്റിയ ശേഷം ബാക്കി തിരികെ നൽകുകയായിരുന്നു. നാല് ലോട്ടറി എടുത്തെന്ന് പറഞ്ഞ് ഇതിന്റെ തുകയായ 200 രൂപ നല്കിയ ശേഷം ഇയാൾ വേഗത്തില്‍ പോകുകയായിരുന്നു. എണ്ണം കുറഞ്ഞതായി തോന്നിയ കാര്‍ത്യായനി നോക്കിയപ്പോഴാണ് അമ്പതോളം ടിക്കറ്റ് നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇതോടെ പരിസരത്ത് ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ജ്വല്ലറിയിലെ സി.സി ടി.വി കാമറയില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതടക്കമാണ് കാര്‍ത്യായനി പൊലീസില്‍ പരാതി നല്‍കിയത്. 25,00 രൂപയുടെ നഷ്ടമുണ്ടായതായി കാര്‍ത്യായനി പറഞ്ഞു. വീഴ്ചയെ തുടര്‍ന്ന് ശാരീരിക പ്രശ്നങ്ങൾ അലട്ടുന്ന കാര്‍ത്യായനി ലോട്ടറി വിൽപന നടത്തിയാണ് കഴിയുന്നത്. പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥർ കാർത്യായനിക്ക് നഷ്ടപ്പെട്ട ലോട്ടറിയുടെ പണം നൽകിയത്. പ്രതിയെ പിടികൂടാമെന്ന് പൊലീസ് ഉറപ്പുനൽകിയതായും കാർത്യായനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

