ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധികുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഫെസ്ബുക്കിൽ കുറിച്ചു. പകൽ 11 മുതൽ മൂന്ന് വരെ വെയിൽലേൽക്കുന്നത് ഒഴിവാക്കണം.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം. കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസ മേഖലകളിലേക്കും തണുപ്പ് തേടി പാർപ്പിടങ്ങൾക്കകത്തേക്കും എത്താൻ സാധ്യതയുണ്ട്.
തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു. അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു അനുഭവമാണിത്. ചൂടിൽനിന്ന് രക്ഷ നേടാൻ ജലാശയങ്ങളിലും പുഴകളിലും കുട്ടികൾ കുളിക്കാൻ പോകാറുണ്ട്. അവിടങ്ങളിലും നല്ല തരത്തിലുള്ള ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ കഠിനമായ വേനൽക്കാലത്തെ നമുക്ക് സുരക്ഷിതമായി മറികടക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

