ലക്ഷ്യം റെയിൽവെ സ്റ്റേഷൻ, മോഷണം നടത്താൻ വീടുകൾക്കടുത്തെത്തി; ഗോവിന്ദച്ചാമിയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്
text_fieldsകണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിൽ ചാടിയ ഉടൻതന്നെ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനും അവിടെനിന്ന് നാടുവിടാനുമാണ് താൻ പദ്ധതിയിട്ടതെന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. അതിന് മുൻപ് മോഷണം നടത്താനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതി.
പണമൊന്നും കൈയിലില്ലാതിരുന്ന പ്രതി വീടുകൾക്ക് സമീപമെത്തിയത് മോഷണം ലക്ഷ്യമിട്ടാണ്. എന്നാൽ നേരം വെളുത്തതോടെ മോഷണം നടത്തുകയെന്ന പദ്ധതി പാളി. ഇയാളെ നാട്ടുകാർ കണ്ടതോടെ ലക്ഷ്യങ്ങളെല്ലാം പാളിപ്പോയി. പിന്നീട് ആളുകൾ തിരിച്ചറിയും എന്നായതോടെ ഓടി രക്ഷപ്പെട്ട് കിണറ്റിൽ ഒളിച്ചിരിക്കുകയുമായിരുന്നു.
ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. ഹാക്സോ ബ്ലേഡ് കൈക്കലാക്കി സെല്ലിന്റെ ഇരുമ്പുകമ്പി മുറിച്ചു. തുടർന്ന് ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തി. പത്രങ്ങളും ഡ്രമ്മും നിരത്തിവെച്ച ശേഷം തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. പിന്നീട് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലർച്ചെ 1.15 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയത്. പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പിടികൂടിയത്. കറുത്ത പാൻ്റും വെളുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ഒന്നാകെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന് സമീപത്തെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. ജയിൽ അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാൾ ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

