ടാങ്കർ ലോറി നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറി
text_fieldsഎം.സി റോഡിൽ കോടിമതയിൽ നിയന്ത്രണംവിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറിയ ഓക്സിജൻ ടാങ്കർ
കോട്ടയം: ഓക്‌സിജനുമായി പോയ ടാങ്കർലോറി നിയന്ത്രണംവിട്ട് റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ടാങ്കർ ഡ്രൈവർ തമിഴ്‌നാട് സ്വദേശി രാജ്കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ എം.സി റോഡിൽ കോടിമത ജില്ല വെറ്ററിനറി ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
തമിഴ്‌നാട് കഞ്ചിക്കോടുനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ടാങ്കർ ലോറി. കോടിമത പാലം കയറി മുന്നോട്ടുവരുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡരികിലേ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ജില്ല വെറ്ററിനറി ആശുപത്രിയുടെ പിൻവശത്തെ മതിലും വൈദ്യുതി പോസ്റ്റും ഇടിച്ചുതകർത്ത ശേഷം ലോറി സമീപത്തെ മരത്തിൽ തട്ടിനിന്നു. തട്ടുകടയിൽ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ലോറി വരുന്നതുകണ്ട് ഓടിമാറിയതിനാലും എതിർവശത്തെ പെട്രോൾ പമ്പിലേക്ക് ലോറി പോകാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വെസ്റ്റ് പൊലീസ്, അഗ്നിരക്ഷ സേനാംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമാക്കിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

