പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ചിഹ്നം ഇന്നറിയാം
text_fieldsതിരുവനന്തപുരം: നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ നിശ്ചയിച്ചുള്ള വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അതിനുശേഷം തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംവരണപ്പട്ടിക കൂടി പുറത്തുവന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലേക്ക് കമീഷൻ കടക്കും. നവംബർ അഞ്ചിന് ശേഷം ഏത് ദിവസവും വിജ്ഞാപനം ഉണ്ടായേക്കാം. അതുകഴിഞ്ഞാൽ ഒരുതവണകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഒരവസരം കമ്മീഷൻ നൽകും. അത് ചുരുക്കം ദിവസത്തേക്ക് മാത്രമായിരിക്കും.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള നടപടിയുടെ ഭാഗമായാണിത്. ഒരാഴ്ചയോളം മാത്രമെ അതിന് സമയ ദൈർഘ്യമുണ്ടാകൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം, മത്സരിക്കുന്ന സ്ഥാനാർഥിക്ക് ഒരു പക്ഷെ വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ അതിനുള്ള അവരസം നൽകാൻ കൂടിയാണിത്. പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താം. ഏഴുദിവസത്തിന് ശേഷം നടത്തുന്ന ഹിയറിങ്ങിന് ശേഷമാകും പട്ടികയിൽ പേര് ഉൾപ്പെടുത്തുക. ദേശീയ- സംസ്ഥാന പാർട്ടികൾക്കും സ്വതന്ത്രന്മാരും ചേർത്ത് 114 ചിഹ്നങ്ങൾ ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കുറി സ്ഥാനാർഥികൾക്ക് അനുവദിക്കുന്നത്.
ദേശീയ പാർട്ടികൾക്ക് ആറ്, സംസ്ഥാന പാർട്ടികൾക്ക് ആറ്, എം.എൽ.എമാരും തദ്ദേശസ്ഥാപന പ്രതിനിധികളുമുള്ള മറ്റ് സംസ്ഥാന പാർട്ടികൾക്കായി 28, സ്വതന്ത്രന്മാർക്കായി 74 അടക്കം 114 ചിഹ്നങ്ങളാണ് കമ്മീഷൻ അനുവദിക്കുക. ഏതെങ്കിലും പാർട്ടി സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാർഥിക്ക് ഒരിടത്ത് നൽകുന്ന ചിഹ്നമായിരിക്കില്ല ഇതേ പാർട്ടിയുടെ മറ്റൊരു സ്വതന്ത്രന് കിട്ടുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഈ ഒരു രീതിയാവും അവലംബിക്കുക.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ നിശ്ചയിക്കും. പ്രസിഡന്റ്, ചെയർമാൻ, മേയർ സ്ഥാനങ്ങൾ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വർഗം സ്ത്രീ, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ എണ്ണം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. അതനുസരിച്ചാണ് ഓരോ സംവരണ വിഭാഗത്തിന്റെയും ജനസംഖ്യ പരിഗണിച്ച് അധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ആവർത്തനക്രമം പാലിച്ച് കമീഷൻ നിശ്ചയിക്കുക. ഇതിനായി 1995 മുതൽ നൽകിയിരുന്ന സംവരണം പരിഗണിക്കും. കൂടാതെ വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയും ഇതിനകം പൂർത്തിയാക്കി.
കോർപറേഷൻ, മുനിസിപ്പാലിറ്റി സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണമായി
തിരുവനന്തപുരം: അതിർത്തി പുനർവിഭജനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഓരോ സ്ഥിരംസമിതിയിലുമുള്ള അംഗങ്ങളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പാലിറ്റി, കോർപറേഷൻ സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണമാണ് പുനഃക്രമീകരിച്ചത്. പഞ്ചായത്തുകളിലേത് വൈകാതെ ഉണ്ടാകും. വാർഡ് പുനർനിർണയത്തിനുശേഷം മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 26ഉം കൂടിയത് 53 വാർഡുമാണുള്ളത്.
26 വാർഡുള്ള മുനിസിപ്പാലിറ്റികളിൽ ധനകാര്യ സ്ഥിരംസമിതിയിൽ ചെയർപേഴ്സൺ ഉൾപ്പെടെ ഏഴ് അംഗങ്ങളുണ്ടാകും. വികസനം, ക്ഷേമം, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതികളിൽ ആറുവീതം അംഗങ്ങളാകും ഉണ്ടാകുക. വാർഡുകളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് സ്ഥിരംസമിതിയുടെ അംഗബലവും കൂടും. 53 വാർഡുകളുള്ള മുനിസിപ്പാലിറ്റികളിൽ എല്ലാ സ്ഥിരംസമിതിയിലും 13 അംഗങ്ങൾ വീതമാകും.കോർപറേഷനുകളിൽ 56 മുതൽ 101 വരെ വാർഡുകളാണുള്ളത്.
56 വാർഡുള്ള കോർപറേഷനിൽ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ ആറ് അംഗങ്ങളും മറ്റ് സമിതികളിൽ ഏഴ് അംഗങ്ങളുമായിരിക്കും. 101 വാർഡുള്ള കോർപറേഷനിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം സമിതികളിൽ 13 അംഗങ്ങളും മരാമത്ത്, നഗരാസൂത്രണം, നികുതി, വിദ്യാഭ്യാസ സമിതികളിൽ 12 അംഗങ്ങളുമായിരിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷരുടെ സംവരണവും വൈകാതെ തീരുമാനിക്കും.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വനിത, പട്ടികജാതി, പട്ടികജാതി വനിത, പട്ടികവർഗം, പട്ടികവർഗ വനിത സംവരണങ്ങളാണ് നിശ്ചയിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് സംവരണം നിശ്ചയിക്കുന്നത്. രണ്ടുതവണ തുടർച്ചയായി അധ്യക്ഷസ്ഥാനം സംവരണമായ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സംവരണം നിശ്ചയിക്കുന്നതോടെ കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

