വിഴുങ്ങിയ മെഴുക് പെൻസിൽ പുറത്തെടുത്തു; ഗുരുതരാവസ്ഥ തരണംചെയ്ത് ഒന്നാം ക്ലാസുകാരൻ
text_fieldsചേലേമ്പ്ര പുല്ലിപ്പറമ്പ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി വിഴുങ്ങിയ മെഴുക് പെൻസിൽ പുറത്തെടുത്തപ്പോൾ
ചേലേമ്പ്ര: സ്കൂളിൽ വെച്ച് ഒന്നാം ക്ലാസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ മെഴുക് പെൻസിൽ പുറത്തെടുത്തു. പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി സ്കൂൾ വിദ്യാർഥിയാണ് ഗുരുതരാവസ്ഥയിലായത്. സ്കൂളിൽ ചിത്രം വരക്കാനായി ഉപയോഗിക്കുന്ന മെഴുക് പെൻസിൽ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന കുട്ടിയെ ഇപ്പോൾ ഐ.സി.യുവിലേക്ക് മാറ്റുകയും അപകടനില തരണം ചെയ്തതായും പ്രധാനാധ്യാപകൻ കെ.പി. ഷമീം പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചതായും സ്കൂൾ അധികൃതർ പറഞ്ഞു.സ്കൂൾ വിടാൻ 10 മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു സംഭവം. രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് നടന്നുകൊണ്ടിരിക്കെ അധ്യാപകർ പലരും ക്ലാസിലായിരുന്നു. ക്ലാസിൽ വെച്ച് ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയോട് ക്ലാസ് ടീച്ചർ കാര്യം തിരക്കിയപ്പോഴാണ് മെഴുക് പെൻസിൽ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്.
ഈ സമയം പെൻസിലിന്‍റെ ഒരു കഷണം പുറത്തേക്ക് പോരുകയും ചെയ്തു. വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഉടൻ അധ്യാപകരും മറ്റും ചേർന്ന് ആശുപത്രിയിലെത്തിച്ചു. സ്കാനിങ്ങിൽ പെൻസിലിന്‍റെ ഒരു കഷണം കൂടി അകത്തുള്ളതായി കണ്ടെത്തി. പ്രത്യേക സംവിധാനം വഴി പെൻസിലിന്‍റെ ബാക്കി ഭാഗംകൂടി പുറത്തെടുക്കുകയായിരുന്നു. നിർധന കുടുംബാംഗമായ കുട്ടിക്കു വേണ്ടി ആശുപത്രി ചെലവുകൾക്കായി അധ്യാപകരും പി.ടി.എയും മറ്റുള്ളവരും ചേർന്ന് കൈകോർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

