ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു; അഞ്ച് മണിക്കൂറിന് ശേഷം വീണ്ടും പിടിയിൽ
text_fieldsമലപ്പുറം: അറസ്റ്റിലായതിന് ശേഷം എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതിയെ അഞ്ച് മണിക്കൂറിന് ശേഷം വീണ്ടും പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 2.15നാണ് മലപ്പുറം സിവിൽ സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിനു സമീപത്ത് നിന്ന് പ്രതിയായ ഒഡീഷ സ്വദേശി ഹഡിപ മാച്ചോ (20) രക്ഷപ്പെടുന്നത്.
ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ ശുചിമുറിയിൽ കയറിയപ്പോൾ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപെടുകയായിരുന്നു. പ്രതി സിവിൽ സ്റ്റേഷന് പിറകിലെ ശാന്തീതിരം പാർക്കിന്‍റെ ഭാഗത്തേക്ക് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ ജില്ലയിലെ എക്സൈസിന്റെ ലഭ്യമായ എല്ലാ ഫോഴ്സിനെയും വിളിപ്പിച്ചാണ് വ്യാപക തിരച്ചിൽ നടത്തിയത്.
സമീപത്തെ സി.സി.ടി.വികൾ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിരുന്നില്ല. ഇതിനിടെ രാത്രി 7.30ഓടെ കടലുണ്ടിപുഴയിൽ നിർമാണം നടക്കുന്ന നഗരസഭയുടെ നമ്പ്രാണി റെഗുലേറ്ററിന് സമീപം കൂട്ടിയിട്ട കല്ലുകളിൽ പ്രതി മറഞ്ഞിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
എക്സൈസ് സംഘത്തെ കണ്ടപാടെ പുഴയിലിറങ്ങി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം പുഴയുടെ അക്കരെ എത്തി സാഹസികമായി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10 കിലോ കഞ്ചാവുമായി വേങ്ങരയിൽ നിന്നാണ് രക്ഷപ്പെട്ട ഹഡിപ മച്ചോയും കൂടെയുണ്ടായിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ കേസ് രജസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

