ജാമ്യ വ്യവസഥയിൽ ഇളവ്; മഅ്ദനിയുടെ ഹരജി സുപ്രീംകോടതി ഇന്ന് കേൾക്കും
text_fieldsന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി സമർപ്പിച്ച ഹരജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ് . പിതാവിന്‍റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് വിചാരണ നടപടിയിലേക്കു കടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ല. വിശദമായ വാദം കേൾക്കാൻ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
കുറച്ചുനാള്‍ മുന്‍പ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റർ സി. എം. ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് എം.ആർ.ഐ സ്‌കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരിന്നു. ആ പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇന്റേണൽ കരോട്ടിക് ആർട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷി കുറവ് സംഭവിക്കുക തുടങ്ങീ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദേശിച്ചിരുന്നു.
കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബാംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റൽ, നാരായണ ഹൃദയാലയ തുടങ്ങി ആശുപത്രികളിലെയും വിദഗ്ദ ഡോക്ടർമാരുടെ നിർദേശങ്ങൾ തേടിയെങ്കിലും അവരെല്ലാവരും മഅ്ദനിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടു. കിഡ്നിയുടെ പ്രവർത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തിൽ ശസ്ത്രക്രിയക്ക് വിധേയമാകുക എന്നത് അതീവ സങ്കീർണമായിരിക്കും എന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

