മുകേഷിനെ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു, സുഹൃത്തിന് വേണ്ടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ
text_fieldsഒറ്റപ്പാലം: മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താംക്ലാസുകാരനാണ് മുകേഷിനെ ഫോണിൽ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് എം.എൽ.എയെ കുട്ടി വിളിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ കണ്ടെത്താൻ സ്പെഷ്യല് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതലാണ് വിദ്യാർഥിയോട് എം.എൽ.എ കയർക്കുന്ന ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഹലോ സർ, ഞാൻ പാലക്കാട്ടുനിന്നാണെ'ന്ന് പറഞ്ഞാണ് വിദ്യാർഥി വിളിച്ചത്. 'ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാൽ, മീറ്റിങ്ങിൽ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എം.എൽ.എ എന്നയാൾ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് -മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്പർ കൂട്ടുകാരൻ തന്നതാണെന്നു പറഞ്ഞപ്പോൾ അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോൾ അവിടത്തെ എം.എൽ.എയെ കണ്ടുപിടിക്ക്, മേലാൽ തന്നെ വിളിക്കരുതെന്ന് പറഞ്ഞാണ് മുകേഷ് ഫോൺ കട്ട് ചെയ്തത്.
അതേസമയം, ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ പ്രകോപിപ്പിക്കാൻ ആസൂത്രിതമായ ഇത്തരം വിളികൾ വരുന്നുണ്ട്. എന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തു. സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൂരൽ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകർത്താവിന്റെ സ്നേഹത്തോടെയാണെന്നും മുകേഷ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

